ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 20ന്

മോഹൻലാൽ വീണ്ടും കന്നടയിൽ. യുവതാരം ധ്രുവ സർജ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെയാണ് എത്തുന്നത്. അതിഥി വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. കന്നടയിലെ യുവ സംവിധായകരിൽ ശ്രദ്ധേയനായ പ്രേം ആണ് സംവിധാനം. 2003ൽ കാര്യ എന്ന ചിത്രത്തിലൂടെയാണ് പ്രേമിന്റെ സംവിധാന അരങ്ങേറ്റം. ശിവരാജ് കുമാർ, സുദീപ്, ആമി ജാക്‌സൺ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ദ വില്ലൻ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.മോഹൻലാൽ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 20ന് നടക്കും. ഇതു മൂന്നാം തവണയാണ് മോഹൻലാൽ കന്നടയിൽ എത്തുന്നത്. 2004ൽ രാജേന്ദ്രസിംഗ് ബാബു സംവിധാനം ചെയ്ത ലവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി കന്നടയിൽ അഭിനയിക്കുന്നത്. മോഹനൻ നായർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 2015ൽ മൈത്രി എന്ന ചിത്രത്തിലും അഭിനയിച്ചു. അതേസമയം മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം ലണ്ടനിൽ പുരോഗമിക്കുന്നു. മോഹൻലാൽ ,ഇന്ദ്രജിത്, സംയുക്ത മേനോൻ എന്നിവരാണ് ലണ്ടൻ ഷെഡ്യൂളിൽ. തൃഷ ആണ് നായിക. ലണ്ടൻ ഷെഡ്യൂളിനുശേഷം മടങ്ങിയെത്തുന്ന മോഹൻലാലും ജീത്തു ജോസഫും അടുത്ത ഷെഡ്യൂളിനായി മൊറോക്കയിലേക്ക് പോവും. അവിടെ 40 ദിവസത്തെ ചിത്രീകരണമുണ്ട്. തിരിച്ചെത്തുന്ന സംഘം ചെറിയ ഇടവേളയ്ക്കുശേഷം ടുണീഷ്യയിലേക്ക് പുറപ്പെടും. അവിടെ അഞ്ചുദിവസത്തെ ചിത്രീകരണത്തോടെ പൂർത്തിയാവും.