
ആര്യനാട്: നിയമം കാറ്റിൽപ്പറത്തിയുള്ള പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നിലെ അനധികൃത വഴിവാണിഭത്തിൽ കഷ്ടത്തിലാകുന്നത് കാൽനടയാത്രക്കാരാണ്. റോഡുകൾ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള ഓഫീസിന് കൺമുന്നിൽ തന്നെ നിയമലംഘനം നടത്തി വഴിവാണിഭം നടത്തിയിട്ടും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ്. ആര്യനാട് പാലം ജംഗ്ഷൻ മുതൽ കാഞ്ഞിരംമൂട് ജംഗ്ഷൻ വരെയുള്ള ഭാഗം എപ്പോഴും തിരക്കിലാണ്. പി.ഡബ്ല്യു.ഡി ഓഫീസ്,സർക്കാർ ഗസ്റ്റ് ഹൗസ്,ബിവറേജ് കോർപ്പറേഷൻ ഔട്ട്‌ലെറ്റ്,ഷെഡ്യൂൾഡ് ബാങ്ക്,സഹകരണ ബാങ്കുകൾ,ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഈ റോഡിലുണ്ട്. അതിനിടയിൽ റോഡ് കൈയേറിയുള്ള അനധികൃത വഴിവാണിഭവും കൂടിയായപ്പോൾ കാൽനട യാത്രയ്ക്ക് പോലും പറ്റാത്ത അവസ്ഥയാണുള്ളത്. റോഡ് നവീകരണം നടത്തിയപ്പോൾ കാഞ്ഞിരംമൂട് മുതൽ പാലം ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശങ്ങളിലും ഫുട്പാത്ത് സ്ഥാപിച്ചിരുന്നു. എന്നാൽ പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഫുട്‌പാത്ത് അശാസ്ത്രീയമായ രീതിയിലാണ് പണിതിരിക്കുന്നത്. പൊതുജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. അനധികൃത വഴിവാണിഭത്തിനെതിരെയോ, ഫുട്പാത്ത് കൈയേറിയുള്ള കച്ചവടങ്ങൾ നടക്കുന്നതിനെതിരെയോ ഉദ്യോഗസ്ഥർ യാതൊരു നടപടിയുമെടുക്കുന്നില്ല. ഇതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാണ്.
അശാസ്ത്രീയ നിർമ്മാണം
റോഡിന് സമാന്തരമായി ഇന്റർലോക്കിട്ടശേഷം ഇരുമ്പ് വേലികൾ സ്ഥാപിച്ചിരിക്കുന്നു. മഴക്കാലത്ത് വെള്ളം കെട്ടുന്ന ഈ ഭാഗത്ത് ഓട നിർമ്മാണം നടത്തിയശേഷം ഫുട്പാത്ത് ഉയർത്തി സ്ഥാപിച്ചിരുന്നെങ്കിൽ ആളുകൾക്ക് ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാൻ കഴിയുമായിരുന്നു. പണി പൂർത്തിയായതോടെ ഇവിടത്തെ ഫുട്പാത്തിന്റെ ഇരുവശവും ലോട്ടറി, മരിച്ചീനി, മീൻ തുടങ്ങിയ കച്ചവടങ്ങളാൽ കൈയേറിക്കഴിഞ്ഞു.
യാത്രക്കാർ ബുദ്ധിമുട്ടുന്നു
റോഡ് സൈഡിലെ ബിവറേജ് ഔട്ട്ലെറ്റിൽ വരുന്നവരുടെ വാഹന പാർക്കിംഗ് കൂടിയാകുമ്പോൾ കാൽനടക്കാർക്ക് ഫുട്പാത്തുമില്ല റോഡ് സൈഡുമില്ല. റോഡിന്റെ മദ്ധ്യഭാഗത്തുകൂടി മാത്രമേ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് തിരക്കുള്ള രാവിലെയും വൈകുന്നേരങ്ങളിലും സഞ്ചരിക്കാൻ കഴിയൂ. ഇതോടെ ദിനം പ്രതി ഈ ഭാഗത്തുകൂടി സഞ്ചരിക്കുന്നവർ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമാണ്. മാത്രവുമല്ല രണ്ട് വശങ്ങളിലേയും മത്സ്യക്കച്ചവടവും ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.