
പലതവണ വിനോദിനെ കണ്ടിട്ടുണ്ടെങ്കിലും സ്വന്തക്കാരെക്കുറിച്ചോ സുഹൃത്തുക്കളെക്കുറിച്ചോ ഒന്നും വിനോദ് സംസാരിച്ചിട്ടില്ല. അങ്ങനെ പറയാൻ മാത്രം ഹൃദയബന്ധമുള്ളവർ അധികം കാണില്ലെന്ന് ധർമ്മരാജനും കരുതി. സമ്പന്നനായ ഒരു ബന്ധുവിന്റെ രോഗവിവരം അന്വേഷിക്കാൻ ചെന്നപ്പോഴാണ് വിനോദിനെ പരിചയപ്പെട്ടത്. കിടന്നുകൊണ്ടു തന്നെ നടന്നും ഇരുന്നും ചെയ്യേണ്ട കർമ്മങ്ങൾ ചെയ്യുന്ന പണക്കാരനായ ബന്ധു. പരിചരിക്കാൻ നിൽക്കുന്ന വിനോദ് സന്തോഷവാൻ. ഒരുപിതാവിനെ, പരിചരിക്കുന്നതുപോലുള്ള മുഖഭാവം. നല്ല ഭക്ഷണം. വീട്ടുകാരും മനുഷ്യപ്പറ്റുള്ളവർ. വിനോദ് ഒരു കുടുംബാംഗത്തെപ്പോലെയാണെന്ന് ധർമ്മരാജനും തോന്നി. പുറം ലോകവുമായി വിനോദിനുള്ള ഏകബന്ധം ഒരു പഴയ മൊബൈൽ ഫോൺ. ഒരു പുരാവസ്തുവിനെ ഒാർമ്മിപ്പിക്കുന്ന ഫോൺ. ഇതിനുമുൻപ് പരിചരിക്കാൻ നിന്ന വീട്ടിലുള്ളവർ സമ്മാനിച്ചത്. ശുശ്രൂഷിച്ച ഗൃഹനായകൻ മരിച്ചപ്പോൾ അവർ ഉപയോഗശൂന്യവസ്തുവിനെപ്പോലെ നൽകിയതാണ്. സ്വന്തം ഹൃദയംപോലെയോ കൃഷ്ണമണിപോലെയോ വിനോദ് അതിനെ സ്നേഹിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും വിളിക്കാനുള്ള നമ്പരുകൾ വളരെകുറവ്. ഇറങ്ങാൻ സമയം ധർമ്മരാജന്റെ നമ്പരും വിനോദ് വാങ്ങി. വല്ലപ്പോഴും വിളിച്ചാൽ സാറിന് ബുദ്ധിമുട്ടാകുമോ എന്ന് ചോദിച്ചുകൊണ്ടാണ് നമ്പർ ആവശ്യപ്പെട്ടത്. നമ്പർ വാങ്ങിയെങ്കിലും മാസങ്ങളോളം വിനോദ് ഫോൺ വിളിച്ചില്ല. സമ്പന്നനായ ബന്ധു മരിച്ചെങ്കിലും രണ്ടുമാസത്തോളം വിനോദ് ആ വീട്ടിൽത്തന്നെ നിന്നു. വീട്ടുകാർ നഗരത്തിലേക്കു മാറിയപ്പോൾ അവരുടെ ഏർപ്പാടിൽത്തന്നെ മറ്റൊരാളെ പരിചരിക്കാനുള്ള അവസരം കിട്ടി. ഒരിക്കൽ ആദ്യമായി വിളിച്ചപ്പോൾ വിനോദ് തന്നെയാണ് വിവരങ്ങൾ പറഞ്ഞത്. ഇപ്പോൾ പരിചരിക്കാൻ നിൽക്കുന്ന വീട്ടിലുള്ളവർ അധികം സംസാരിക്കില്ല. മുത്തച്ഛൻ എത്രയും വേഗം കട്ടിലൊഴിക്കണേ എന്ന് പ്രാർത്ഥിക്കാൻ വീട്ടുകാർ തന്നെ പറയും. എങ്ങനെ കഴിയും അതിന്? വിനോദിന്റെ നിസഹായമായ ചോദ്യം. ഫോണിൽ ആരെയും വിളിക്കാനില്ല. ഇങ്ങോട്ടു വിളിക്കാനും ആരുമില്ല. ഫോണിന്റെ നാക്കും മൂക്കും തുരുമ്പെടുത്തു പോകുമോയെന്ന് സംശയം. അതുകൊണ്ട് വിളിച്ചതാണ്. ശല്യമായില്ലല്ലോ - വിനോദിന്റെ വാക്കുകൾക്ക് മൂർച്ചയുള്ളപോലെ ധർമ്മരാജന് തോന്നി. മിണ്ടാനും പറയാനും എണ്ണമറ്റയാളുകളും അവസരങ്ങളും ഉണ്ടാകുമ്പോൾ ആർക്കും മനസിലാകില്ല മിണ്ടാനും പറയാനും അധികമാരുമില്ലാത്തവരുടെ അവസ്ഥ.
കൗതുകം കൊണ്ട് ധർമ്മരാജ് വിനോദിനോട് ചോദിച്ചു: മറ്റുള്ളവരെ പരിചരിക്കാൻ ഇറങ്ങിയത് എന്ത്? ഇതിനെക്കാൾ കാശുകിട്ടുന്ന ജോലികൾ പലതുമില്ലേ. വിനോദിന്റെ മറുപടി പെട്ടെന്നായിരുന്നു. എന്റെ അമ്മ വേണ്ടത്ര ചികിത്സയും പരിചരണവും കിട്ടാതെയാണ് മരിച്ചത്. എനിക്കും കാര്യമായി നോക്കാനായില്ല. ആ കടം വീട്ടാൻ ശ്രമിക്കുന്നതാണ്. ഉറ്റവരൊന്നുമില്ലാത്ത എനിക്ക് അതൊരു ഈശ്വരസേവയാണ്. ദക്ഷിണ കിട്ടുന്നതു മതി ഈ ഒറ്റത്തടി പോറ്റാൻ. ശുഭരാത്രി നേർന്ന് വിനോദ് സംഭാഷണം മതിയാക്കി. എന്തൊക്കെയോ ചോദിക്കാൻ ബാക്കിയായ പോലെ ധർമ്മരാജനു തോന്നി. വിനോദ് എപ്പോഴെങ്കിലും വീണ്ടും വിളിക്കുമെന്ന പ്രതീക്ഷയിലാണ് ധർമ്മരാജ്. എത്രപേരെ പരിചരിച്ചിട്ടും പരിഭവമില്ല, പരാതിയില്ല. ആറുമാസം കഴിഞ്ഞിരിക്കുന്നു. അങ്ങോട്ട് വിളിക്കാൻ നോക്കിയപ്പോഴാണ് ആ നമ്പർ സേവ് ചെയ്തിട്ടില്ലെന്ന് ധർമ്മരാജ് അറിയുന്നത്.
(ഫോൺ: 9946108220)