കടയ്ക്കാവൂർ: തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് പഞ്ചായത്തിലെ ജനങ്ങൾ കുടിവെള്ളം കിട്ടാതെ കഷ്ടത്തിലായിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു. തീരദേശ ഗ്രാമമായ ഈ പ്രദേശത്തെ ജനങ്ങൾ വാട്ടർ അതോറിട്ടിയെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. രണ്ടു മൂന്നു ദിവസം ഇടവിട്ടാണ് ഇവിടെ കുടിവെള്ളം ലഭിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ മിക്ക വാർഡുകളിലും ആറ്റിങ്ങൽ പമ്പ് ഹൗസിൽ നിന്നും കുടിവെള്ളം വിതരണം ചെയ്യുമ്പോൾ ഒന്ന് മുതൽ മൂന്നു വരെയുള്ള വാർഡുകളിൽ വർക്കല വാട്ടർ അതോറിട്ടിയുടെ കാക്കക്കുഴി പമ്പ്ഹൗസിൽ നിന്നുമാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. മൂന്ന് ദിവസത്തിൽ ഒരിക്കലാണ് ജലവിതരണം നടക്കുന്നത്. ഇവിടെ ഓട്ടോമാറ്റിക് സംവിധാനം വന്നതോടെ മൂന്നും നാലും ദിവസം കൂടുമ്പോൾ കുറച്ചു സമയം പേരിന് മാത്രമേ ജലവിതരണം നടക്കുന്നുള്ളൂ. കായലിനും കടലിനും ഇടയിൽ കിടക്കുന്ന പ്രദേശമായതിനാൽ കിണറിലെ ജലം കുടിവെള്ളമായി ഉപയോഗിക്കാൻ കഴിയില്ല. പലരും തലചുമടായും വാഹനങ്ങളിലുമായി സമീപപ്രദേശങ്ങളിൽ നിന്നും കുടിവെള്ളം കൊണ്ടുവന്നാണ് അത്യാവശ്യങ്ങൾ നിറവേറ്റുന്നത്. പഞ്ചായത്തിലെ നാലുവാർഡുകളിൽ കുടിവെള്ളം എത്തിക്കുന്നതിനായി ആരംഭിച്ച വാക്കുംകുളം കുടിവെള്ള പദ്ധതി എങ്ങുമെത്താതെ കിടക്കുകയാണ്. കുടിവെള്ളക്ഷാമത്തിനു പരിഹാരം കണ്ടില്ലെങ്കിൽ ജനങ്ങൾ കുടിവെള്ളം കിട്ടാതെ വലയുന്നത് നോക്കിനിൽക്കാൻ കഴിയില്ലെന്ന് വാർഡ് മെമ്പർ ദിവ്യ ഗണേഷും മുൻ മെമ്പർ അജയകുമാറും ആറ്റിങ്ങൽ വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റന്റ് എഞ്ചിനീയറേയും നേരിൽ കണ്ട് അറിയിച്ചു. അധികൃതർ ഇനിയും കണ്ണടച്ചാൽ കോൺഗ്രസ്‌ പാർട്ടിയുടെ ആഭിമുഖ്യത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വാർഡ് മെമ്പർ ദിവ്യ ഗണേഷ് അറിയിച്ചു.