തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി ദയാബായി നടത്തുന്നത് ധീരപോരാട്ടമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ ചർച്ചയ്‌ക്ക് തയ്യാറാകാത്ത സർക്കാർ എൻഡോസൾഫാൻ ഇരകളോട് കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

സർക്കാരിന്റെ അനങ്ങാപ്പാറ നയം തിരുത്താനുള്ള ജനകീയ പോരാട്ടം കോൺഗ്രസ് ഏറ്റെടുക്കുമെന്നും സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് പ്രകടനം നടത്തുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. നിരാഹാര സമരത്തിന്റെ 11ാം ദിനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.എം അഷ്‌റഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്. ബാബു,​ ഡോ. അംബികാസുതൻ മങ്ങാട്, ജോണിക്കുട്ടി ജോസഫ്, ആർ. കുമാർ, ഹബീബ് ചെട്ടുംകുഴി, കരീം ചൗക്കി എന്നിവർ പങ്കെടുത്തു.