തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അദാനി ഗ്രൂപ്പുമായി നടത്തുന്ന ചർച്ച ഇന്ന് രാവിലെ 11ന് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ ചേംബറിൽ നടക്കും. അദാനി പോർട്സ് സി.ഇ.ഒ രാജേഷ് ഝാ പങ്കെടുക്കും.
അദാനി ഗ്രൂപ്പ് നൽകിയ നഷ്‌ടക്കണക്ക് സംബന്ധിച്ച റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകില്ല. ഇന്നലത്തെ ഹൈക്കോടതി വിധിയുടെ കൂടി പശ്‌ചാത്തലത്തിൽ, എത്രയും വേഗം നിർമ്മാണം പുനരാരംഭിക്കാനുളള അവസരമൊരുക്കണമെന്നാകും അദാനി ഗ്രൂപ്പിന്റെ ആവശ്യം. ഈ മാസം അവസാനത്തോടെ നിർമ്മാണം പുനരാരംഭിക്കാനാണ് സർക്കാരിനും താത്പര്യം.
കല്ലിന്റെ ലഭ്യതയടക്കം ഉറപ്പു വരുത്തണമെന്നും,കൂടുതൽ ക്വാറികൾ അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്നുമാണ് അദാനി പോർട്‌സ് ലിമിറ്റഡിന്റെ ആവശ്യം. ഉടൻ നിർമ്മാണം പുനരാരംഭിച്ചാലും ,കാലാവസ്ഥയടക്കം പരിഗണിച്ച് 2023 ഡിസംബറിൽ തുറമുഖം കമ്മിഷൻ ചെയ്യാനാകില്ല. പുലിമുട്ടിന്റെ നിർമ്മാണം ഒന്നര കിലോമീറ്റർ പൂർത്തിയായിട്ടുണ്ട്. ഒരു കിലോമീറ്റർ കൂടി പൂർത്തീകരിച്ചാൽ കപ്പലെത്തിക്കാം. സബ് കോൺട്രാക്‌ടുകൾ നൽകി തൊഴിലാളികളെ അധികം വിന്യസിച്ച് നിർമ്മാണം വേഗത്തിലാക്കാൻ അദാനി ഗ്രൂപ്പ് സജ്ജമാണ്. എന്നാൽ നിർമ്മാണത്തിന് ആവശ്യമായ സാധന സാമഗ്രികൾ എത്തിക്കാൻ സർക്കാർ മുൻകൈ എടുക്കണം.
അദാനി ഗ്രൂപ്പിന്റെ പ്രയാസങ്ങൾ ചോദിച്ചറിഞ്ഞ് പദ്ധതിയുമായി എങ്ങനെ മുന്നോട്ടുപോകാമെന്നാകും ചർച്ചയെന്ന് തുറമുഖ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ചർച്ചയ്‌ക്ക് ശേഷം അദാനി ഗ്രൂപ്പിന്റെ ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. പരിശോധനയ്ക്ക് ശേഷം നിയമ,ധന വകുപ്പുകളാകും നഷ്‌ടക്കണക്കിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക.