തിരുവനന്തപുരം:​ഡിസംബർ 9 മുതൽ 16വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളത്തിന്റെ 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐ.എഫ്.എഫ്.കെ)​ മത്സരവിഭാഗത്തിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'അറിയിപ്പ്',​ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' എന്നീ സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടു.

'മാലിക്കി'ന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'അറിയിപ്പി'ൽ കുഞ്ചാക്കോ ബോബൻ, ദിവ്യ പ്രഭ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. 75-ാമത് ലൊക്കാർണോ ചലച്ചിത്രോത്സവത്തിലെ അന്തർദ്ദേശീയ വിഭാഗത്തിൽ മത്സരിച്ച ചിത്രം ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലണ്ടൻ ഫിലിം ഫെസ്റ്റിവലിലും ബുസാൻ അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിലും പ്രദർശനത്തിനൊരുങ്ങുകയാണ്. നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യാനിരിക്കുകയാണ് 'അറിയിപ്പ്'.

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ആദ്യ സിനിമയാണ് 'നൻപകൽ നേരത്ത് മയക്കം'. മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശേരിയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നിർമ്മാണം. ലിജോയുടെ കഥയ്‌ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ് ഹരീഷാണ്. രമ്യ പാണ്ഡ്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിൽ വഴക്ക് (സനൽകുമാർ ശശിധരൻ)​,​ ആയിരത്തിയൊന്ന് നുണകൾ (താമർ കെ.വി)​,​ ബാക്കി വന്നവർ (അമൽ പ്രാസി)​,​ പട (കമൽ കെ.എം)​,​ നോർമൽ (പ്രതീഷ് പ്രസാദ്)​,​ ഗ്രേറ്റ് ഡിപ്രഷൻ (അരവിന്ദ്. എച്ച്)​,​ വേട്ടപ്പട്ടികളും ഓട്ടക്കാരും (രാരിഷ്.ജി)​, ആണ് (സിദ്ധാർത്ഥ് ശിവ)​,​ ഭർത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും (സതീഷ് ബാബുസേനൻ,​ സന്തോഷ് ബാബുസേനൻ)​,​ ദബാരി ക്യൂരുവി (പ്രിയനന്ദനൻ)​,​ ഫ്രീഡം ഫൈറ്റ് (അഖിൽ അനിൽകുമാർ,​ കുഞ്ഞില മസിലാമണി,​ ഫ്രാൻസിസ് ലൂയിസ്,​ ജിയോ ബേബി,​ ജിതിൻ ഐസക് തോമസ്)​,​ 19(1)​(എ)​ (ഇന്ദു വി.എസ്)​ എന്നീ ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.