തിരുവനന്തപുരം: സ്‌കൂളുകളിലും കോളേജുകളിലും ലഹരിയുടെ വ്യാപനം കൂടുതലായതിനാൽ ലഹരി നിർമ്മാർജനത്തിന് വിദ്യാർത്ഥികളുടെ പിന്തുണ ഏറെ അനിവാര്യമെന്ന് സ്‌പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ സിറ്റി ജില്ലാ കമ്മിറ്റി പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ജാഗ്രതാ സദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്നായി പഠിച്ചാൽ മാത്രമേ ഉയരങ്ങൾ കീഴടക്കാൻ സാധിക്കുള്ളൂവെന്നും പഠനത്തിനായി വിനിയോഗിക്കേണ്ട സമയം ലഹരിക്കായി മാറ്റിവയ്‌ക്കരുതെന്നും സ്‌പീക്കർ പറഞ്ഞു.

തൊണ്ണൂറുകളിൽ ഏറ്റവും ഉഴപ്പനായ വിദ്യാർത്ഥിയുടെ കൈയിലുണ്ടാവുക ഒരു തുണ്ട് സിഗരറ്റാണ്. അതായിരുന്നു അന്നത്തെ ഏറ്റവും കൂടിയ ലഹരി. എന്നാലിന്ന് 14 വയസുള്ള വിദ്യാർത്ഥിയുടെ കൈയിൽ കഞ്ചാവും മയക്കുമരുന്നും വലിയതോതിലെത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിയെന്ന വിപത്തിൽ അടിതെറ്റിവീഴാതെ അതിനെ അകറ്റിനിറുത്താൻ വിദ്യാർത്ഥി സമൂഹം പ്രയത്നിക്കണമെന്നും ലഹരിവിരുദ്ധ പോരാട്ടത്തിൽ വിദ്യാർത്ഥികൾക്ക് പൊലീസിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മുഖ്യപ്രഭാഷണം നടത്തിയ സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാർ പറഞ്ഞു.

കെ.പി.എ ജില്ലാ പ്രസിഡന്റ് കിരൺ.എസ്. ദേവ് അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ലഘുലേഖയുടെ കോപ്പി സ്‌പീക്കർക്ക് നൽകി ചലച്ചിത്രതാരം മല്ലിക സുകുമാരൻ പ്രകാശനം നിർവഹിച്ചു. വിജിലൻസ് ഓഫീസർ കെ. മുഹമ്മദ് ഷാഫി, വ്യക്തിത്വ വികാസ പരിശീലകൻ ബ്രഹ്മനായകം മഹാദേവൻ, സ്‌കൂൾ പ്രിൻസിപ്പൽ പ്രൊഫ.ടി. ബാബു, കെ.പി.എ ജില്ലാ സെക്രട്ടറി ടി.എസ്. ബൈജു, വൈസ് പ്രിൻസിപ്പൽ ബിജോ വർഗീസ് എന്നിവർ പങ്കെടുത്തു.