
തിരുവില്വാമല: ആത്മഹത്യയ്ക്ക് ശ്രമിച്ച് തീപ്പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന നാലംഗ കുടുംബത്തിലെ അച്ഛനും മൂത്തമകനും മരണത്തിന് കീഴടങ്ങി. തിരുവില്വാമലയിൽ ഹോട്ടൽ ഗ്രീൻ പാലസ് നടത്തുന്ന ഒരലാശേരി ചോലക്കോട് രാധാകൃഷ്ണൻ ( 46 ), മൂത്തമകൻ കാർത്തിക് (14) എന്നിവരാണ് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി മരിച്ചത്. ഭാര്യ ശാന്തിനി (43), ഇളയ മകൻ രാഹുൽ (8) എന്നിവർ സംഭവ ദിവസംതന്നെ മരിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീട്ടിലെ കിടപ്പുമുറിയിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യാ ശ്രമത്തിലേക്കും കൂട്ടമരണത്തിലേക്കും നയിച്ചതെന്നാണ് വിവരം. മരണമടഞ്ഞ കാർത്തിക് തിരുവില്വാമല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒമ്പതാം ക്ലാസിലും രാഹുൽ ഗവ എൽ.പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിയുമാണ്. നാലു പേരുടെയും മൃതദേഹങ്ങൾ ഇന്നലെ ഉച്ചയോടെ ഒരുമിച്ചാണ് വീട്ടിലെത്തിച്ചത്. പൊതു ദർശനത്തിനുവച്ച ശേഷം പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ സംസ്‌കരിച്ചു.