karode

മലയിൻകീഴ്: ചെറുകോട് അനധികൃതമായി പ്രവർത്തിക്കുന്ന രണ്ട് പന്നി വളർത്തൽ കേന്ദ്രങ്ങൾക്ക് പിന്നാലെ വിളപ്പിൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ നേരിട്ടെത്തി 9 പന്നിവളർത്തൽ കേന്ദ്രങ്ങൾ കൂടി ഇന്നലെ അടച്ചുപൂട്ടി. പഞ്ചായത്തിലെ കാരോട്,ചെറുകോട് വാർഡുകളിലാണ് അനധികൃതമായി പന്നി ഫാമുകൾ പ്രവർത്തിച്ചിരുന്നത്. പഞ്ചായത്തിന്റെ ഇടപെടലിനെ തുടർന്ന് ഫാം ഉടമകൾ പന്നികളെ വാഹനങ്ങളിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. പന്നി ഫാമുകളെ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയെങ്കിലും ഫാം ഉടമകൾ പന്നിവളർത്തൽ കേന്ദ്രം പൂട്ടാൻ തയാറാവാത്തതിനെത്തുടർന്ന് ചൊവ്വാഴ്ച പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പന്നിഫാമുകൾക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.ഇന്നലെയും പന്നിഫാമുകൾ പ്രവർത്തിക്കാനൊരുങ്ങിയെങ്കിലും പഞ്ചായത്ത് അധികൃതർ വാഹനങ്ങൾ സജ്ജീകരിച്ച് പന്നികളെ നീക്കം ചെയ്യാൻ ഒരുങ്ങിയതിനെ തുടർന്നാണ് ഫാം ഉടമകൾ പന്നികളെ മാറ്റാൻ തയാറായത്. പ്രസിഡന്റ് ലില്ലിമോഹൻ,വൈസ് പ്രസിഡന്റ് ടി.ഷാജി,ജനപ്രതിനിധികളായ അനീഷ്,ചന്ദ്രബാബു എന്നിവരും ആരോഗ്യപ്രവർത്തകരും പൊലീസും സ്ഥലത്തെത്തിയിരുന്നു.ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഫാമിൽ നഗരത്തിലേതുൾപ്പെടെയുള്ള ഹോട്ടൽ മാലിന്യവും പണം കൈപ്പറ്റിക്കൊണ്ടുവരുന്ന മറ്റു മാലിന്യവുമെത്തിക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടിരുന്നു.