1

പോത്തൻകോട്: ഗ്രാമ പഞ്ചായത്തുകളിലെ 213 സേവനങ്ങൾ പോർട്ടൽ വഴി നടപ്പാക്കുന്നതോടെ സാധാരണ ജനങ്ങൾക്ക് പഞ്ചായത്ത് സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. റവന്യു വകുപ്പ് നടപ്പിലാക്കുന്ന എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്‌മാർട്ട് എന്ന നയത്തിന്റെ ഭാഗമായുള്ള ഡിജിറ്റൽ സർവേ ഗ്രാമസഭകൾ തോന്നയ്‌ക്കൽ കുമാരനാശാൻ സ്‌മാരകത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇരുവകുപ്പുകളും സഹകരിച്ച് സർവേ നടപടികളിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ 20,000 ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ സർവേ സഭകൾ ചേരുമെന്നും മന്ത്രി പറഞ്ഞു. നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ. രാജൻ പറഞ്ഞു. മംഗലപുരം പഞ്ചായത്തിലെ 19-ാമത് വാർഡായ വെയിലൂരിലാണ് രാജ്യത്തിന് മാതൃകയായ സർവേ നടപടികൾ തുടങ്ങുന്നത്. ഡിജിറ്റലായി ഭൂമി അളന്ന് തിട്ടപ്പെടുത്തി റവന്യൂ വകുപ്പിന് കൈമാറും മുമ്പ് അതിന്റെ കരട് ഭൂവുടമകൾക്ക് നൽകുമെന്നും പരാതിയുണ്ടെങ്കിൽ അപ്പോൾത്തന്നെ അറിയിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്ന മുറയ്ക്ക് രജിസ്‌ട്രേഷൻ വകുപ്പിന്റെ ഭാഗമായ പേൾ പോർട്ടലും റവന്യു വകുപ്പിന്റെ റിലീഫ് പോർട്ടലും സർവേ വകുപ്പിന്റെ ഇ -മാപ്പും ഇന്റഗ്രേറ്റ് ചെയ്‌ത് ഒരു പുതിയ പോർട്ടൽ ഉൾപ്പെടുന്ന സെറ്റിൽമെന്റ് ആക്ടിന് രൂപം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.