തിരുവനന്തപുരം: പിണറായി സർക്കാർ നടപ്പാക്കുന്നത് ഇരുണ്ട നവോത്ഥാനമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിച്ചിട്ടും കേരളം നരബലിയുടെ നാടായി മാറുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇലന്തൂരിലെ നരബലി സി.പി.എം അംഗവും ഭാര്യയും പെരുമ്പാവൂരിലെ തീവ്രവാദ സ്വഭാവമുള്ള പ്രതിയും ചേർന്ന് നടത്തിയതാണ്. പ്രതികളുടെ സാമൂഹിക പശ്ചാത്തലം അന്വേഷിക്കാതെ ദൈവീക കാര്യങ്ങൾക്കായാണ് നരബലി നടത്തിയതെന്ന ആസൂത്രിത ആരോപണം ഉന്നയിക്കുകയാണ് പൊലീസ്. നാടിനെ പ്രാകൃതകാലത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്ന ചില ശക്തികളുടെ പ്രവർത്തനമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് കാക്ക കറന്റടിച്ച് ചത്താൽ കോളിളക്കം സൃഷ്ടിക്കുന്ന സാംസ്‌കാരിക നായകന്മാരും യുക്തിവാദി സംഘങ്ങളും മൗനത്തിലാണ്. അന്വേഷണം സി.ബി.ഐയേയോ എൻ.ഐ.എയോ ഏൽപ്പിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് കെ.രാമൻപിള്ള, സംസ്ഥാന നേതാക്കളായ പി.രഘുനാഥ്, പ്രൊഫ.വി.ടി.രമ, സി.ശിവൻകുട്ടി, ജില്ലാ നേതാക്കളായ അഡ്വ.വി.ജി.ഗിരികുമാർ, വെങ്ങാനൂർ സതീഷ്, കൗൺസിലർ എം.ആർ.ഗോപൻ, മോർച്ചാ നേതാക്കൾ എന്നിവർ പങ്കെടുത്തു.