
തിരുവനന്തപുരം: ടാങ്കർ ലോറിയിൽ നിന്ന് പമ്പിലേയ്ക്ക് മാറ്റുന്നതിനിടെ പെട്രോൾ ചോർന്നത് പരിഭ്രാന്തി പരത്തി. കൃത്യസമയത്ത് ഫയർഫോഴ്സ് ഇടപെട്ടതോടെയാണ് വൻദുരന്തം ഒഴിവായത്. ഇന്നലെ രാത്രി 8.45ഓടെ ആക്കുളത്തുള്ള ഇന്ത്യൻ ഓയിൽ കമ്പിനിയുടെ പെട്രോൾ പമ്പിലാണ് സംഭവം.
സാധാരണ ടാങ്കർ ലോറികൾ പമ്പിലെത്തിയാൽ അതത് കമ്പനിയുടെ ഒ.ടി.പി സന്ദേശം ഡ്രൈവർക്ക് വന്ന ശേഷമാണ് ടാങ്കറിന്റെ മെയിൻ വാൽ തുറക്കുന്നതും അതുകഴിഞ്ഞ് അടയ്ക്കുന്നതും. ഈ മെയിൻ വാൽവ് കൂടാതെ അഞ്ച് സബ് വാൽവുകളും അതിനകത്തുണ്ട്. ഇതെല്ലൊം അടച്ച് ഭദ്രമാക്കിയാണ് കമ്പനിയിൽ നിന്ന് പെട്രോൾ നിറച്ച് പമ്പിലേയ്ക്ക് വിടുന്നത്.
എന്നാൽ ഈ സബ് വാൽവിലൊരെണ്ണം അടച്ചിരുന്നില്ല. അതിനാൽ മെയിൻ വാൽവ് തുറന്നപ്പോൾ തന്നെ തുറന്നിരുന്ന വാൽവ് വഴി പെട്രോൾ പുറത്തേയ്ക്ക് ഒഴുകുകയായിരുന്നു. ഏകദേശം 70 ലിറ്ററോളം പെട്രോൾ പുറത്തേയ്ക്ക് പോയശേഷമാണ് വാൽവ് അടയ്ക്കാനായത്. പമ്പിന്റെ ഭൂരിഭാഗം സ്ഥലത്തേയ്‌ക്കും പെട്രോൾ പടർന്നിരുന്നു. ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ചാക്ക ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി പെട്രോളിന്റെ വീര്യം കളയുന്ന ഫോം സ്‌പ്രേ പ്രയോഗം നടത്തി. ഒരു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് ആശങ്കയൊഴിഞ്ഞത്. ഈ സമയം പമ്പിലുണ്ടായിരുന്നവരെ മാറ്റിയിരുന്നു. സംഭവത്തെക്കുറിച്ച് ഫയർഫോഴ്സ് ഇന്ന് കമ്പനിയോട് റിപ്പോർട്ട് തേടും. സ്റ്റേഷൻ ഓഫീസർ സജിത്ത്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ചാക്കയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സാണ് സ്ഥലത്തെത്തിയത്.