തിരുവനന്തപുരം: പാപ്പനംകോട് മഠത്തിൽ ഭഗവതിക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ നിന്ന് 20 പവൻ സ്വർണം മോഷണം പോയതായി വീട്ടുടമസ്ഥൻ പൊലീസിൽ പരാതി നൽകി. പാപ്പനംകോട് സ്വദേശി വിജയകുമാർ വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് ഇന്നലെ വൈകിട്ട് മൂന്നിനും വൈകിട്ട് ആറിനും മദ്ധ്യേ മോഷണം നടന്നത്.

പൂവാർ ഭാഗത്ത് കട നടത്തിവരുന്ന വിജയകുമാറും ഭാര്യയും മക്കളും ഉച്ചയ്‌ക്കുശേഷം കടയിലേക്ക് പോയിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോൾ ഇരുനില വീടിന്റെ താഴത്തെ നിലയുടെ പിൻവശത്തെ വാതിൽ തുറന്നുകിടക്കുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവൻ നഷ്ടപ്പെട്ടതായി മനസ്സിലായത്. ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.