
വെഞ്ഞാറമൂട്: ലഹരിയ്ക്കെതിരെ വാമനപുരത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ച് വെഞ്ഞാറമൂട് ജനമൈത്രി പൊലീസ്. നാട്ടിലെ ലഹരി ഉപയോഗത്തിന്റ വർദ്ധനയാണ് വ്യത്യസ്ഥമായ ലഹരി വിരുദ്ധ പ്രചാരണത്തിന് പ്രേരിപ്പിച്ചതെന്നു എസ്.എച്ച്.ഒ സൈജുനാഥ് പറഞ്ഞു. ഡാൻസിനും പാട്ടിനും ഒപ്പം ലഹരി ജീവിതം തകർത്തവരുടെ ജീവിതവും ദൃശ്യവത്കരിച്ചു. ലഹരിമുക്ത ലക്ഷ്യവുമായി വാമനപുരം എക്സൈസും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. വെഞ്ഞാറമൂട് ജനമൈത്രി പൊലീസിന്റെ യോദ്ധാവ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വാമനപുരം ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയ്ക്ക് വാർഡ് മെമ്പർ രൺജി, എസ്.ഐ സാജൻ, ജനമൈത്രി പൊലീസ് സി.ആർ.ഒ ഷജിൻ, ചന്ദ്രകാന്ത്, സുരേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലീനാമോൾ, മുളമന ഹൈസ്കൂൾ പ്രിൻസിപ്പാൾ അജീബ്, സൂര്യ, രാജലക്ഷ്മി, സന്തോഷ്‌കുമാർ, ഷാലി എന്നിവർക്കൊപ്പം 50 ഓളം വിദ്യാർത്ഥികളും പങ്കെടുത്തു.