govt-file

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന രണ്ട് ലക്ഷത്തോളം ഫയലുകൾ തീർപ്പാക്കാൻ സർക്കാ‌ർ കൊണ്ടുവന്ന രണ്ടാം ഫയൽ തീർപ്പാക്കൽ യജ്ഞവും ലക്ഷ്യത്തിലെത്തിയില്ല.ജൂൺ 15 മുതൽ സെപ്തംബർ 30 വരെ നടത്തിയ യജ്ഞത്തിൽ 33 ശതമാനം ഫയലുകൾ മാത്രമാണ് തീർപ്പായത്.ഇതോടെ തീർപ്പാക്കൽ ഈ മാസം 31 വരെ നീട്ടി സർക്കാർ ഉത്തരവിറക്കി.15ന് അന്തിമ റിപ്പോർട്ട് പുറത്തിറക്കാനാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് തീരുമാനിച്ചിരുന്നത്.

എന്നാൽ.അവലോകന യോഗത്തിൽ കണക്കുകൾ കൃത്യമായി നൽകാൻ വകുപ്പുകൾക്ക് കഴിഞ്ഞില്ല.ആഗസ്റ്റിൽ നിയമസഭ സമ്മേളിച്ചതോടെ മന്ത്രിമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ജോലിയിൽ ജീവനക്കാർ മുഴുകിയതോടെ തീർപ്പാക്കലിന്റെ വേഗം കുറഞ്ഞു. 2019ൽ ഒന്നാം പിണറായി സർക്കാർ മൂന്നുമാസത്തെ യജ്ഞം നടത്തിയെങ്കിലും 68,​000 ഫയലുകൾ മാത്രമാണ് തീർപ്പായത്. 1.98 ലക്ഷം ഫയലുകൾ പെൻഡിംഗായി.

ഇനി ഇങ്ങനെ

കെട്ടിക്കിടക്കുന്ന ഫയലുകളെ പൊതുവിഭാഗമായല്ലാതെ വെവ്വേറെയായിട്ടായിരിക്കും പരിഗണിക്കുക.വേഗത്തിൽ തീർപ്പാക്കാവുന്ന ഫയലുകൾ പെൻഡിംഗ് ആയിട്ടുണ്ടെങ്കിൽ അതിനുള്ള കൃത്യമായ കാരണങ്ങൾ വ്യക്തമാക്കണമെന്നും മുൻ ഉത്തരവുകളിലേതെങ്കിലും തീർപ്പാക്കലിന് തടസമാകുന്നെങ്കിൽ അക്കാര്യം അറിയിക്കാനും വകുപ്പ് മേധാവിമാരോട് നിർദ്ദേശിച്ചു.കോടതി സംബന്ധമായ ഓരോ വകുപ്പിലെയും ഫയലുകൾ വേഗത്തിൽ കണ്ടെത്തി അഡ്വക്കേറ്റ് ജനറലിന്റെ ശ്രദ്ധയിൽപെടുത്തണം.പെൻഡിംഗ് ഫയലുകളിൽ 15 ശതമാനവും സർവീസ് സംബന്ധമായ കേസുകളാണ്.ജീവനക്കാർ മരിച്ചുപോയത്,പെൻഷൻ ലഭിക്കാത്തവ,​സസ്‌പെൻഷൻ തുടങ്ങിയവുമായി ബന്ധപ്പെട്ട ഫയലുകൾ നവംബർ മാസത്തിനകവും നിയമസഭാ സമിതിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ നോഡൽ ഓഫീസർമാരെ നിയമിച്ച് സമയബന്ധിതമായി ഫയലുകൾ തീർപ്പാക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

ഫയലുകൾ ഇങ്ങനെ

 41% വസ്തു തർക്കം,കെട്ടിടനിർമ്മാണത്തർക്കം

 18% കോടതി വ്യവഹാരങ്ങൾ

 15 ശതമാനവും സർവീസ് സംബന്ധമായ

 13% നിയമസഭാസമിതികൾക്കുള്ള റിപ്പോർട്ടുകൾ

 20% ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ

 8% മുഖ്യമന്ത്രിയുടെയോ മന്ത്രിയുടേയോ അംഗീകാരത്തോടെ നടപ്പാക്കേണ്ടത്