police

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിവർഷം ജീവനൊടുക്കുന്നത് ശരാശരി 20 പൊലീസുകാർ. 2016 മുതൽ 2019 വരെ 51 പൊലീസുകാർ ആത്മഹത്യ ചെയ്തു. കഠിനമായ ജോലിഭാരവും മേലുദ്യോഗസ്ഥരുടെ ശകാരവും സഹിക്കാതെ നാട് വിടുകയും, ജീവനൊടുക്കുകയും ചെയ്യുന്ന പൊലീസുകാരുടെ എണ്ണം പെരുകുന്നു.

സേനാംഗങ്ങളുടെ കുറവ് കാരണം തുടർച്ചയായി ഡ്യൂട്ടി ചെയ്യേണ്ടിവരുന്നതും മാനസികമായി തളർത്തുന്നു. എട്ടു മണിക്കൂറാണ് ഡ്യൂട്ടിയെങ്കിലും 12-18 മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്ന സ്റ്റേഷനുകളുണ്ട്.

വയനാട്ടിലെ വനിതാ എസ്.എച്ച്. ഒ ഡ്യൂട്ടിക്കിടെ മുങ്ങിയത് കഴിഞ്ഞ ദിവസമാണ്. പൊലീസുകാരെ മാനസികമായി ശക്തരാക്കാൻ പരിശീലനവും സമ്മർദ്ദം ലഘൂകരിക്കാൻ യോഗയും കൗൺസലിംഗുമൊക്കെയുണ്ടെങ്കിലും ഫലപ്രദമല്ല. അമിത ജോലിഭാരം, മേലുദ്യോഗസ്ഥരുടെ തട്ടിക്കയറൽ,

രാഷ്ട്രീ യ സമ്മർദങ്ങൾ, കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാകാത്തത്, സാമ്പത്തിക-കുടുംബ പ്രശ്നങ്ങൾ തുടങ്ങിയ സമ്മർദ്ദങ്ങൾ നിരവധി.

ജീവനൊടുക്കിയതിൽ ഡിവൈ.എസ്.പി വരെയുള്ളവരുണ്ട്. തിരുവനന്തപുരം റൂറലിലും ആലപ്പുഴയിലുമാണ് ആത്മഹത്യകളേറെയും. 61,000 പൊലീസുകാർക്കും മാനസിക പ്രശ്‌നങ്ങൾ നേരിടാനുള്ള പരിശീലനം നൽകുന്ന ട്രെയിനിംഗ് മൊഡ്യൂൾ ലോക്നാഥ് ബെഹ്റ ഡി. ജി.പിയായിരിക്കെ തയ്യാറാക്കിയെങ്കിലും നടപ്പായില്ല. പൊലീസുകാർക്ക് മാനസിക സംഘർഷമുണ്ടാക്കുന്ന മേലുദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന സർക്കുലറും പാഴായി.

ദീർഘ ഡ്യൂട്ടി നൽകരുതെന്ന്

ഡി.ജി.പി, പക്ഷേ...

മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ സേനാംഗങ്ങൾക്ക് ദീർഘനേരം തുടർച്ചയായി ഡ്യൂട്ടി നൽകരുതെന്ന ഡി.ജി.പിയുടെ നിർദ്ദേശവും ഫലം കണ്ടില്ല. തുടർച്ചയായി ഡ്യൂട്ടി ചെയ്ത പൊലീസുകാർ കുഴഞ്ഞുവീണ സംഭവങ്ങളുമുണ്ട്. പൊലീസുകാരുടെ പ്രശ്‌‌നങ്ങൾ മനസിലാക്കാൻ സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടർ തയ്യാറാവണം. സ്റ്റേഷനിലെ പൊലീസുകാരെ ഒരു കുടുംബംപോലെ പരിഗണിക്കണം. മാനസിക പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് ലഘുവായ ഡ്യൂട്ടികൾ നൽകണം. അവരെ സൂക്ഷ്‌മതയോടെ പരിഗണിക്കണം. നിസാരകാര്യങ്ങളിൽ തളരാതിരിക്കാൻ മേലുദ്യോഗസ്ഥർ പ്രചോദിപ്പിക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചിരുന്നതാണ് .

ആകെ സ്റ്റേഷനുകൾ

482

സ്റ്റേഷനുകളിൽ എസ്.എച്ച്.ഒ മുതൽ സി.പി.ഒ വരെ

21,428

45

ഒരു സ്റ്റേഷനിൽ ശരാശരി പൊലീസുകാർ

ഡ്യൂട്ടിയിൽ

പക്ഷഭേദം

#രാഷ്ട്രീയ സ്വാധീനമുള്ളവർ ലഘുവായ ഡ്യൂട്ടികൾ നേടിയെടുക്കുമ്പോൾ മറ്റുള്ളവർക്ക് ഭാരിച്ച ജോലികൾ

#നേതാക്കൾക്ക് പണിയെടുക്കാതെ സംഘടനാപ്രവർത്തനം. ക്യാമ്പുകളിൽ ഇവരുടെ 25 അനുയായികൾക്കെങ്കിലും ഡ്യൂട്ടിയിളവ്

പ്രശ്നങ്ങൾ മനസിലാക്കി മേലുദ്യോഗസ്ഥർ ഇടപെടണം. കൂട്ടായ്മയും സൗഹൃദാന്തരീക്ഷവുമുണ്ടെങ്കിൽ വ്യക്തിപരമായ പ്രശ്നങ്ങളും പരിഹരിക്കാനാവും

-പിണറായിവിജയൻ

മുഖ്യമന്ത്രി