
കല്ലമ്പലം: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം നാടുവിട്ട പോക്സോ കേസ് പ്രതിയെ ഇന്റർപോൾ അബുദാബിയിൽ നിന്ന് പിടികൂടി കേരള പൊലീസിനു കൈമാറി. നാവായിക്കുളം കിഴക്കനേല സ്വദേശി ഫെബിനെയാണ് (26) പൊലീസ് യു.എ.ഇയിലെത്തി ഏറ്റുവാങ്ങിയത്.
2018 ലാണ് കേസിന് ആസ്പദമായ സംഭവം. ട്യൂഷന് പോയിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഒന്നിലധികം ദിവസങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിന്നീട് വിദേശത്ത് പോയി.
പഠനത്തിൽ ശ്രദ്ധക്കുറവും സ്വഭാവത്തിൽ വ്യത്യാസവും ശ്രദ്ധിച്ച ക്ലാസ് ടീച്ചർ കുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിക്കുകയും ഇവർ പൊലീസിന് വിവരം നൽകുകയുമായിരുന്നു. 2019 ഒക്ടോബറിൽ പള്ളിക്കൽ പൊലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ നാട്ടിലേക്ക് വരുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും മാസങ്ങൾ നീണ്ട നടപടിക്രമങ്ങൾക്ക് ശേഷം പൊലീസ് സംഘം നാലു ദിവസം മുമ്പ് അബുദാബിയിൽ എത്തുകയുമായിരുന്നു. തിരുവനന്തപുരം റൂറൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പി വിജുകുമാർ, പള്ളിക്കൽ ഐ.എസ്.എച്ച്.ഒ ശ്രീജേഷ്. വി.കെ, ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് യു.എ.ഇയിലെത്തി നിയമ നടപടികൾ പൂർത്തിയാക്കിയത്.