
തിരുവനന്തപുരം: വിദേശ യാത്രകൊണ്ട് സംസ്ഥാനത്തിന് എന്തു നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ പൊളിറ്റിക്കൽ ക്ലിയറൻസോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോകേണ്ടത്. ദുബായിൽ മുൻകൂട്ടി നിശ്ചയിക്കാത്ത പരിപാടിയായതിനാലാകും പൊളിറ്റിക്കൽ ക്ലിയറൻസ് എടുക്കാത്തത്. അതിന്റെ സത്യാവസ്ഥ മുഖ്യമന്ത്രിയാണ് പറയേണ്ടത്. എന്തിനാണ് വിദേശത്ത് പോയതെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ബ്രിട്ടനുമായി സംസ്ഥാന സർക്കാർ കരാറുണ്ടാക്കിയെന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. നിയമപരമായി സംസ്ഥാനത്തിന് ബ്രിട്ടനുമായി അത്തരമൊരു കരാറുണ്ടാക്കാൻ സാധിക്കില്ല. യാത്രയുടെ ചെലവും സംസ്ഥാനത്തിന് ഉണ്ടായ നേട്ടവും മുഖ്യമന്ത്രി പറയണം. സർക്കാർ ചെലവിൽ വിദേശത്ത് പോയാൽ ജനങ്ങൾക്ക് മുന്നിൽ പ്രോഗ്രസ് റിപ്പോർട്ട് വയ്ക്കണം. ജപ്തി ഭീഷണിയുടെയും സാമൂഹിക സുരക്ഷാ പെൻഷനുകൾ ലഭിക്കാത്തതിന്റെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ വിദേശ യാത്ര ജനങ്ങൾക്ക് അവമതിപ്പുണ്ടാക്കി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കാൻ അടിയന്തിര നിയമനിർമ്മാണം നടത്തണം. പി.ടി തോമസ് ഉൾപ്പെടെയുള്ളവർ ഇതുസംബന്ധിച്ച ബിൽ നിയമസഭയിൽ അവതരിപ്പിച്ചിട്ടുണ്ട്. നിയമപരിഷ്കരണ കമ്മിഷൻ 2019 ൽ നൽകിയ റിപ്പോർട്ടും സർക്കാരിന് മുന്നിലുണ്ട്. നിയമ നിർമാണത്തിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തും.
എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ അദ്ദേഹത്തിൽ നിന്ന് കെ.പി.സി.സി നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കോൺഗ്രസ് പൊറുക്കില്ല. അതുകൊണ്ടാണ് അന്വേഷണ കമ്മീഷൻ പോലും വേണ്ടെന്ന് പാർട്ടി തീരുമാനിച്ചത്. സ്വാഭാവിക നീതിയെന്ന നിലയിലാണ് ആരോപണവിധേയനിൽ നിന്ന് വിശദീകരണം തേടുന്നത്. ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.