തിരുവനന്തപുരം: ടെക്‌നോപാർക്കിന്റെ ഭൂമി സ്വകാര്യ ഹോട്ടലിന് കൈമാറിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വസ്‌തുതാവിരുദ്ധമാണെന്ന് ടെക്‌നോപാർക്ക് അധികൃതർ അറിയിച്ചു. ടെക്‌നോപാർക്കിന് സമീപം തെറ്റിയാർ തോടിന് വശത്തായുള്ള അഞ്ചുസെന്റ് ഭൂമി സ്വകാര്യ ഹോട്ടലിന് കൈമാറിയെന്ന തരത്തിലാണ് വാർത്ത പ്രചരിച്ചത്.
അഞ്ചുസെന്റ് സ്ഥലം ക്യാപിറ്റൽ പാർക്ക് എന്ന ഹോട്ടൽ പ്രൊജക്ടിന്റെ പാർക്കിംഗിനായി ലൈസൻസ് വ്യവസ്ഥയിൽ ടെക്‌നോപാർക്ക് അധികാരികൾക്ക് എക്‌സ്‌പ്രഷൻ ഒഫ് ഇൻട്രസ്റ്റ് നൽകുകയും സെപ്‌തംബർ 28ന് നടന്ന മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 11 മാസത്തേക്ക് ടെക്‌നോപാർക്ക് നിശ്ചയിച്ച ഫീസ് ഈടാക്കി ലൈസൻസ് നൽകാനാകുമെന്ന് ശുപാർശ നൽകുകയുമാണ് ചെയ്‌തത്. മാനദണ്ഡങ്ങൾ പരിശോധിച്ച് വരുമാനം ലഭിക്കുന്ന ഒരു ലൈസൻസായിട്ടാണ് പ്രസ്‌തുത കമ്പനിയുമായുള്ള കരാർ ടെക്‌നോപാർക്ക് ശുപാർശ ചെയ്തത്.
നിലവിൽ ടെക്‌നോപാർക്കിന്റെ ഭൂമി ബാങ്ക്, കഫറ്റീരിയ, ഹോട്ടൽ തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾക്കായി ചെറിയ ലാൻഡ് പാഴ്സലുകൾ ലീസ്, ലൈസൻസ് വ്യവസ്ഥകളിൽ നൽകിവരുന്നുണ്ട്. അഞ്ചുസെന്റ് ഭൂമി തെറ്റിയാർ തോടിന് സമീപത്തായതിനാൽ ഈ ഭൂമിയിൽ നിന്ന് നിലവിൽ യാതൊരു വരുമാനവും ലഭിക്കുന്നില്ല. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് ടെക്‌നോപാർക്കിന്റെ എക്‌സിക്യൂട്ടീവ് കൗൺസിൽ നിശ്ചിത റേറ്റ് കാർഡ് നിശ്ചയിച്ച് ഭൂമിയിൽ യാതൊരു ഉടമസ്ഥാവകാശവും ഹോട്ടലിന് ബാധകമാകാത്ത വിധത്തിൽ ലൈസൻസ് വ്യവസ്ഥയിൽ നൽകാമെന്ന് സർക്കാരിന് ശുപാർശ നൽകിയത്. എന്നാൽ സർക്കാർ നിർദ്ദേശപ്രകാരമുള്ള ടെക്‌നോപാർക്കിന്റെ റേറ്റിന് ഹോട്ടലുടമ തയ്യാറാകാത്തതിനാൽ പ്രസ്‌തുത കരാറിൽ ഏർപ്പെട്ടിട്ടില്ല.