വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്‌ത സംഭവത്തിൽ അവസാനവർഷ വിദ്യാർത്ഥികളായ ജൂബി. ബി, മാധവ് എസ്.ആർ, ജിതിൻ രാജ് എന്നിവരെ കോളേജിൽ നിന്ന് പുറത്താക്കിയതായി പ്രിൻസിപ്പൽ ഡോ.കെ.സി. പ്രീത അറിയിച്ചു. ഇക്കഴിഞ്ഞ 7നായിരുന്നു സംഭവം.
വിദ്യാർത്ഥികളെ റാഗ് ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആന്റി റാഗിംഗ് കമ്മിറ്റി അന്വേഷണം ആരംഭിച്ചത്. ഒന്നാം വർഷ വിദ്യാർത്ഥികൾ ആന്റി റാഗിംഗ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകുകയും റാഗിംഗ് നടത്തിയ വിദ്യാർത്ഥികളെ തിരിച്ചറിയുകയുമായിരുന്നു. ഇതിനുശേഷം റാഗിംഗ് നടത്തിയ വിദ്യാർത്ഥികളെ രക്ഷാകർത്താക്കൾക്കൊപ്പം കോളേജിൽ വിളിച്ചുവരുത്തി കമ്മിറ്റി തെളിവെടുപ്പ് നടത്തി. തുടർന്ന് വിദ്യാർത്ഥികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും വിവരം കോളേജ് കൗൺസിലിനെ അറിയിക്കുകയുമായിരുന്നു.
കൗൺസിൽ അടിയന്തരമായി ചേർന്ന് കുറ്റക്കാരായ വിദ്യാർത്ഥികളെ പുറത്താക്കുകയും യു.ജി.സി നിയമപ്രകാരം അന്വേഷണ റിപ്പോർട്ട് വർക്കല പൊലീസിന് കൈമാറുകയും ചെയ്‌തു. റാഗിംഗ് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന വിദ്യാർത്ഥികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.