തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി സാമൂഹ്യ പ്രവർത്തക ദയാബായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 12 ദിവസം പിന്നിടുമ്പോഴും സർക്കാർ ചർച്ചക്ക് തയ്യാറാകുന്നില്ല. ദുരിത ബാധിതർക്ക് പഞ്ചായത്ത് - നഗരസഭ അടിസ്ഥാനത്തിൽ ദിനപരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക, രോഗനിർണയത്തിന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക, കേന്ദ്രത്തിന് നൽകിയ എയിംസ് പ്രപ്പോസലിൽ കാസർകോട് ജില്ലയുടെ പേര് ചേർക്കുക, ജില്ലയിലെ അഞ്ച് ആശുപത്രികളിൽ വിദഗ്ദ ചികിത്സ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഈ കാര്യങ്ങൾ നടപ്പാക്കിത്തരണമെന്നാവശ്യപ്പെട്ട് സമരസമിതി അംഗങ്ങൾ ഗവർണർക്ക് നിവേദനം നൽകി. വരും ദിവസങ്ങളിൽ എൻഡോസൾഫാൻ ദുരിതബാധിതരെ സമരവേദിയിലെത്തിച്ച് സമരം കൂടുതൽ ശക്തമാക്കുമെന്നും സമരസമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.