rabis-vaccine

പേവിഷ പ്രതിരോധ മരുന്നുകളിൽ ആശങ്ക അകലുന്നു

തിരുവനന്തപുരം : കേരളത്തിൽ നിന്ന് പരിശോധനയ്‌ക്കയച്ച പേവിഷ പ്രതിരോധത്തിനുള്ള ഇമ്മ്യൂണോഗ്ലോബുലിനും വാക്സിനും ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്സ് ലാബിന്റെ പരിശോധനാ ഫലം. ആന്റി റാബീസ് വാക്‌സിൻ ഗുണനിലവാരമുള്ളതാണെന്ന് നേരത്തേ കസൗളിയിലെ ലാബിൽ നിന്ന് ഫലം വന്നിരുന്നു.

നായകടിയേറ്റ ചിലർ വാക്‌സിനെടുത്തിട്ടും മരിച്ചതോടെ വാക്‌സിന്റെയും ഇമ്മ്യൂണോഗ്ലോബുലിന്റെയും ഗുണനിലവാരം സംശയത്തിലായതോടെയാണ് കേന്ദ്രലാബിലേക്ക് അയച്ചത്.

ഇതോടെ ആശങ്കകൾ അവസാനിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയുടെ ഗുണനിലവാര സർട്ടിഫിക്കറ്റുള്ള വാക്സിനും സീറവുമാണ് നായ കടിച്ച് ആശുപത്രികളിൽ എത്തിയവർക്ക് നൽകിയത്. വാക്‌സിൻ സ്വീകരിച്ച അഞ്ചുപേർ മരിച്ചതിനു പിന്നാലെ രണ്ട് ബാച്ച് ഇമ്മ്യൂണോഗ്ലോബുലിനും ഒരു ബാച്ച് ആന്റി റാബീസ് വാക്സിനുമാണ് കേന്ദ്ര ലാബിലേക്ക് അയച്ചത്. ഈ ബാച്ചുകളിലെ വാക്സിൻ കുത്തിവയ്‌ക്കരുതെന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിർദ്ദേശിച്ചിരുന്നു. ഇനി ഇവ നൽകുന്നത് പുനരാരംഭിക്കും. അതേസമയം, കുത്തിവയ്‌പ്പിലെ പാളിച്ച, വാക്സിനും ഇമ്മ്യൂണോഗ്ലോബുലിനും സൂക്ഷിക്കുന്ന കോൾഡ് ചെയിൻ സംവിധാനത്തിലെ സൂക്ഷ്മത എന്നിവ പരിശോധിക്കേണ്ടതുണ്ട്. മരുന്നിന് നിലവാരമുണ്ടെങ്കിലും സൂക്ഷിക്കുന്നതിലും കുത്തിവയ്ക്കുന്നതിലും പിഴവുണ്ടായാൽ ഫലപ്രാപ്തിയുണ്ടാകില്ല.