pol

തിരുവനന്തപുരം: നാടിനെ നടുക്കിയ നരബലിയുടെ പശ്ചാത്തലത്തിൽ, സ്ത്രീകളെയും കുട്ടികളെയും കാണാതായതിന് ഇതുവരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പുനഃപരിശോധിക്കാൻ പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടു. ഇതു സംബന്ധിച്ച് പൊലീസിന്റെ ഒടുവിലത്തെ ആധികാരിക കണക്ക് 2018ലേതാണ്.

അക്കൊല്ലം കാണാതായ 7,530 സ്ത്രീകളിൽ 7350 പേരെയും കണ്ടെത്തി.180 പേരെ കണ്ടെത്താനുണ്ട്. ഇവരെ പറ്റിയുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. പല വർഷങ്ങളിലായി കാണാതായ 788 കുട്ടികളെയും കണ്ടെത്തിയിട്ടില്ല.

ജില്ലാ പൊലീസ് മേധാവിമാർ 48 മണിക്കൂറിനകം കേസുകൾ പുനരവലോകനം ചെയ്ത് അറിയിക്കണം. കാണാതായവരിൽ മരിച്ചവരെയും തിരിച്ചെത്തിയവരെയും ഒഴിവാക്കി പുതിയ പട്ടികയുണ്ടാക്കി അന്വേഷണ പുരോഗതി വിലയിരുത്തും. സംശയാസ്പദമായ കേസുകളിലെല്ലാം കോടതിയിൽ റിപ്പോർട്ട് നൽകി അനുമതി നേടിയ ശേഷം പുനരന്വേഷണം നടത്താനാണ് നിർദ്ദേശം. എല്ലാ ജില്ലകളിലും വിശദമായി അന്വേഷിക്കാൻ ആഭ്യന്തര വകുപ്പും ഡി.ജി.പിയോട് നിർദ്ദേശിച്ചു.

പൊലീസിന്റെ രേഖകൾ പ്രകാരം കേരളത്തിൽ വർഷംതോറും 7500ലേറെ സ്ത്രീകളെ കാണാതാവുന്നുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും പ്രണയവും തുടർന്നുള്ള ഒളിച്ചോട്ടവുമാണ്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയ 137കേസുകളുണ്ട്. അന്യസംസ്ഥാന സ്ത്രീകളെ കാണാതായതിന് കണക്കും കേസുമില്ല. 2018ൽ കാണാതായ 1890 കുട്ടികളിൽ 1834 പേരെയേ കണ്ടെത്തിയിട്ടുള്ളൂ. 2016-18ൽ 2218 പെൺകുട്ടികളടക്കം 4421കുട്ടികളെയാണ് കാണാതായത്.

അതേസമയം, ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ കണക്കു പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ കാണാതായ 1217കുട്ടികളിൽ 1184 പേരെയും കണ്ടെത്തി. 33 കുട്ടികളുടെ വിവരമില്ല.

ഏറ്റവുമധികം സ്ത്രീകളെയും കുട്ടികളെയും കാണാതായത് തിരുവനന്തപുരം റൂറൽ പൊലീസ് പരിധിയിലാണ്. കുറവ് വയനാട്ടിലും.12 മുതൽ 18 വയസു വരെയുള്ള കുട്ടികളാണ് കാണാതാവുന്നതിലധികവും. കുട്ടികളെ തട്ടിയെടുക്കുന്നതിൽ ഭിക്ഷാടന മാഫിയയെ കേന്ദ്രീകരിച്ചായിരുന്നു ഇതുവരെ അന്വേഷണം. ഇനി നരബലി സാദ്ധ്യയടക്കം അന്വേഷിക്കുമെന്ന് പൊലീസ് ആസ്ഥാനം വ്യക്തമാക്കി.

വനിതാ കമ്മിഷനും

കണക്കെടുക്കുന്നു

കാണാതായ സ്ത്രീകളുടെ കണക്ക് ശേഖരിക്കുമെന്ന് വനിതാകമ്മിഷനംഗം ഷാഹിദ കമാൽ പറഞ്ഞു. പൊലീസിൽ നിന്നും കമ്മിഷന്റെ സംവിധാനം ഉപയോഗിച്ചും കണക്കെടുക്കും.

പൊലീസ് അന്വേഷിക്കുന്നത്

പുരുഷസുഹൃത്തിനൊപ്പം ഒളിച്ചോട്ടം

ജോലിക്കായി വിദൂരസ്ഥലങ്ങളിൽ

കുടുംബത്തെ ഉപേക്ഷിച്ച് പോക്ക്

തീവ്രവാദ റിക്രൂട്ട്മെന്റ്

പെൺവാണിഭ മാഫിയയുടെ പിടിയിൽ

ഭിക്ഷാടന, അവയവ റാക്കറ്റിന്റെ പിടിയിൽ

സ്ത്രീകളെ കാണാതായ കേസുകൾ

2016..........4926
2017..........6076
2018..........7839


കുട്ടികളെ കാണാതായ കേസുകൾ

2016-1524
2017-1568
2018-1991

(ദേശീയ ക്രൈം റെക്കാർഡ്സ് ബ്യൂറോ കണക്ക്)

''സ്ത്രീകളെയും കുട്ടികളെയും കാണാതായ കേസുകൾ വിശദമായി പൊലീസ് അന്വേഷിക്കും. എല്ലാ ജില്ലകളിലും അന്വേഷണമുണ്ടാവും.''

ഡോ.വി.വേണു

ആഭ്യന്തര സെക്രട്ടറി