
പാറശാല:തിരുവനന്തപുരം മുതൽ കാശ്മീർ വരെ ബുള്ളറ്റിൽ യാത്ര ചെയ്ത് ചരിത്രത്തിൽ ഇടം നേടിയ മലയാളി വനിത ജയശ്രീ പി.ഒയെ അന്താരാഷ്ട്ര പെൺകുട്ടികളുടെ ദിനത്തിൽ പാറശാല റോട്ടറി ക്ലബ്,റോട്രാക്ട് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങിൽ കോളേജ് ഒഫ് നഴ്‌സിംഗിലെ വിദ്യാർത്ഥികളുമായി സ്വന്തം അനുഭവങ്ങൾ പങ്കുവച്ച് ചോദ്യങ്ങൾക്കും മറുപടി നൽകി.കാരോട് സരസ്വതി കോളേജ് ഒഫ് നഴ്‌സിംഗിൽ നടന്ന സ്വീകരണ ചടങ്ങിൽ റോട്ടറി അസിസ്റ്റന്റ് ഗവർണർ മനോഹരൻ നായർ,പാറശാല റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.എസ്.കെ.അജയ്യകുമാർ,റോട്ടറി ക്ലബ് അംഗങ്ങളായ വേണുഗോപാലൻ നായർ,മോഹൻകുമാർ,സരസ്വതി കോളേജ് ഒഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ സി.വി.കവിത തുടങ്ങിയവർ പങ്കെടുത്തു.
ഒറ്റശേഖരമംഗലം സ്വദേശിയും ആർമി ഓഫീസറുടെ ഭാര്യയുമാണ് ജയശ്രീ. ഒരു സാധാരണ കുടുംബത്തിലെ അംഗമായിരുന്നെങ്കിലും കഠിനാദ്ധ്വാനത്തിലൂടെ നേടിയ വിദ്യാഭ്യാസത്തിലൂടെയാണ് കമ്പനി സെക്രട്ടറിയായത്.തന്റെ ജീവിതാഭിലാഷങ്ങളിൽ ഒന്നായിരുന്നു ദീർഘദൂര ബുള്ളറ്റ് യാത്ര.ജയശ്രീയും മറ്റ് രണ്ട് സ്ത്രീകളും ചേർന്ന് തിരുവനന്തപുരം മുതൽ കാശ്മീർ വരെ ബുള്ളറ്റിൽ യാത്ര ചെയ്തതിലൂടെയാണ് ചരിത്രത്തിലിടം നേടിയിയത്.