
വിഴിഞ്ഞം: ഒരു പതിറ്റാണ്ടായി നഗരവികസനത്തിനായി വാദിച്ച് ട്രിവാൻഡ്രം ഇന്ത്യയുമായി ഒരുകൂട്ടം ചെറുപ്പക്കാർ. നഗരവും ചുറ്റുപാടും സസൂഷ്‌മം വീക്ഷിച്ച് തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടി വികസനത്തിനൊപ്പം നിൽക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ നിലവിൽ വന്നത്. തിരുവനന്തപുരം നഗരത്തിന് പോസിറ്റീവ് പബ്ലിസിറ്റി നൽകുക, കേരളം ഒരേ മനസ്സോടെ ഇഷ്‌ടപ്പെടുന്ന അഭിമാനമുള്ള തലസ്ഥാന നഗരത്തെ വാർത്തെടുക്കുക, കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി മുംബായ്, ചെന്നൈ, ബംഗളൂരു, ഡൽഹിക്കൊപ്പം എത്തിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യത്തോടെയാണ് ഇവരുടെ പ്രവർത്തനങ്ങൾ. ഇതിനായി ട്രിവാൻഡ്രം ഇന്ത്യൻ ക്രിയേറ്റേഴ്സ് എന്ന പേരിൽ ഒരു വാട്ട്സ് ആപ്പ് കൂട്ടായ്മയും നിലവിൽ വന്നു. 2012 ജൂലായ് 2 മുതലാണ് 14 ഓളം ചെറുപ്പക്കാർ ചേർന്ന് കൂട്ടായ്മ രൂപീകരിച്ചത്. ഇതിൽ ഇപ്പോൾ ആയിരക്കണക്കിനുപേരാണ് അംഗങ്ങൾ. നഗരം ആവോളം ബ്രാൻഡിംഗിൽ എത്തിയെന്ന് ഗ്രൂപ്പ് അഡ്മിന്മാരിൽ ഒരാളായ അഭിജിത് പറഞ്ഞു. വിദ്യാർത്ഥികളായിരുന്നപ്പോൾ തുടങ്ങിയ പേജിൽ പലരും ഇന്ന് ജോലിയുമായി മുന്നോട്ട് പോകുന്നു. നഗരത്തിന്റെ വിവിധഭാഗങ്ങളായ ആറ്റിങ്ങൽ, കൊല്ലം അതിർത്തിയിലെ തുമ്പോട്, നെയ്യാറ്റിൻകര, പാളയം, കണിയാപുരം, വെള്ളായണി, പള്ളിച്ചൽ തുടങ്ങി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ ഈ പേജിന്റെ ഭാഗമാണ്. 2017 ൽ രക്തദാനവുമായി ബന്ധപ്പെട്ട ഓൾ കേരള ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷൻ അവാർഡും ഈറ്റ് അറ്റ് ട്രിവാൻഡ്രം ഇൻഫ്ലുൻസർ അവാർഡും ലഭിച്ചിട്ടുണ്ട്. നിലവിൽ വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട സമരത്തിനെതിരായി ശക്തമായി പ്രതികരിക്കുന്നതും ഈ കൂട്ടായ്മയാണ്.