തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ തങ്ങളുടെ അഭിഭാഷകർ വഴി ഹൈക്കോടതിയെ വസ്‌തുതകൾ ബോദ്ധ്യപ്പെടുത്തുമെന്ന് തുറമുഖ വിരുദ്ധസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപത വികാരി ജനറലുമായ യൂജിൻ പെരേര പറഞ്ഞു.വിഴിഞ്ഞത്തെ സമരപ്പന്തൽ പൊളിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം ഉൾക്കൊള്ളുന്നു.എന്നാൽ ഹൈക്കോടതിയെ വസ്‌തുതകൾ ശരിയായല്ല ധരിപ്പിച്ചിരിക്കുന്നത്.കരാറുകാരും സർക്കാരും ചില ഇടപാടുകൾ നടത്തി സമരത്തെ നിർവീര്യമാക്കാനാണ് ശ്രമം നടത്തിയത്.ഒരു തവണപോലും തുറമുഖ മന്ത്രി ചർച്ചയ്‌ക്ക് വന്നിട്ടില്ല.സർക്കാർ കമ്മിഷനെ വച്ചത് സമരസമിതിയുടെ അഭിപ്രായം ചോദിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു.

17ന് വഴിതടയൽ സമരം

വിഴിഞ്ഞം തുറമുഖ നിർമ്മാണം സൃഷ്‌ടിക്കുന്ന ആഘാതങ്ങൾ പൊതുജനങ്ങളെ അറിയിക്കാൻ 17ന് മത്സ്യത്തൊഴിലാളികൾ വഴിതടയൽ സമരവും സെക്രട്ടേറിയറ്റ് മാർച്ചും സംഘടിപ്പിക്കും.സർക്കാർ ഏകപക്ഷീയമായി വിദഗ്ദ്ധ സമിതിയയെ നിശ്ചയിച്ച സാഹചര്യത്തിലാണ് സമരസമിതി ഒരു 'ജനകീയ പഠന കമ്മിഷന്' രൂപം നൽകിയത്. കമ്മിഷന്റെ ചെലവുകൾക്കായി മത്സ്യത്തൊഴിലാളികളിൽ നിന്ന് ഫണ്ട് സ്വരൂപിക്കും. 17ന് ആറ്റിങ്ങൽ,സ്‌റ്റേഷൻകടവ്, ചാക്ക,തിരുവല്ലം,വിഴിഞ്ഞം,പൂവാർ,ഉച്ചക്കട തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 3വരെ ബഹുജനമാർച്ചും ഉപരോധവും സംഘടിപ്പിക്കും.19ന് വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ ജില്ലകളിൽ പ്രതിഷേധ പരിപാടികൾ നടത്തും.അതേ ദിവസം വൈകിട്ട് 3 മുതൽ 7 വരെ സെക്രട്ടേറിയറ്റിന് മുന്നിൽ കലാ സാംസ്‌ക്കാരിക കൂട്ടായ്‌മ സംഘടിപ്പിക്കും.ജില്ലയിലെ കോളേജുകൾ,രക്തസാക്ഷി മണ്ഡപം,ശംഖുംമുഖം, ഗാന്ധിപാർക്ക് എന്നീ സ്ഥലങ്ങളിൽ 'കടലും കാടും മലനിരകളും വരും തലമുറകൾക്കായി സംരക്ഷിക്കുന്നതിന്' എന്ന പേരിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.