bussiness

തിരുവനന്തപുരം: വ്യവസായ,വിദ്യാഭ്യാസ,ആരോഗ്യ,ഐ.ടി അടക്കം സ്വകാര്യ സംരംഭങ്ങൾ തുടങ്ങാൻ ഭൂപരിധി നിയമത്തിൽ ഇളവ് നൽകുന്നതിനുള്ള ജില്ലാതല സമിതിക്ക് രൂപം നൽകി ഉത്തരവിറങ്ങി.ജില്ല കളക്ടർ ചെയർമാൻ,​ഡെപ്യൂട്ടി കളക്ടർ,തഹസിൽദാർ,ജില്ലതല ഓഫീസർ എന്നിവർ അംഗങ്ങളുമായ സമിതിക്കാണ് സർക്കാർ രൂപംനൽകിയത്. പൊതുതാത്പര്യം മുൻനിർത്തി ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ഇളവുകൾ അനുവദിക്കുന്നതിന് മാനദണ്ഡം തയാറാക്കാൻ നേരത്തെ റവന്യൂവകുപ്പിന് സർക്കാർ അനുമതി നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാതല സമിതി നിലവിൽ വന്നത്.

ഭൂപരിഷ്‌കരണ നിയമപ്രകാരം 15 ഏക്കറിൽ കൂടുതൽ ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൈവശം വയ്ക്കാനാകില്ല.പദ്ധതികളിലെ നിക്ഷേപം,തൊഴിൽ സാദ്ധ്യത എന്നിവയുമായി ബന്ധപ്പെട്ടാണ് എത്ര ഭൂമിവരെ കൈവശം വയ്ക്കാൻ കഴിയുമെന്ന മാനദണ്ഡം തയാറാക്കാനുള്ള നിർദേശം.ഒരു ഏക്കർ സ്ഥലത്ത് 10 കോടി നിക്ഷേപവും 20 പേർക്ക് തൊഴിൽ നൽകാനുതകുന്നതുമായ സംരംഭങ്ങൾക്കും രണ്ട് ഏക്കർ സ്ഥലത്ത് 20 കോടി നിക്ഷേപവും 40 പേർക്ക് തൊഴിൽ നൽകുന്നതുമായ സംരംഭങ്ങൾക്കും ഇളവ് അനുവദിക്കുന്ന രീതിയാവും അവലംബിക്കുക.പുതിയ മാനദണ്ഡം വരുമ്പോൾ സംരംഭകരുടെ അപേക്ഷ പരിശോധിക്കാൻ സംസ്ഥാനതലത്തിൽ മന്ത്രിതല സമിതി ഉണ്ടാകും.റവന്യൂ മന്ത്രി,പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പിലെ മന്ത്രി,ചീഫ് സെക്രട്ടറി,ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവർ അടങ്ങുന്നതാവും സംസ്ഥാനതല സമിതി.