
ചിറയിൻകീഴ്: അഴൂർ യു.ഐ.ടിയിൽ പുതിയ കെട്ടിട നിർമ്മാണത്തിനായി എം.എൽ.എ വി. ശശിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചു. അഴൂർ യു.ഐ.ടിയിൽ ഗുണമേന്മയുള്ള ഉപരി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മിഷൻ ശുപാർശ ചെയ്യുന്ന അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് ആലോചിക്കാൻ കൂടിയ വികസനസമിതി യോഗത്തിലാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. ഗാന്ധി സ്മാരകം ജംഗ്ഷനിൽ സർക്കാർ അനുവദിച്ചു നൽകിയ ഒരു ഏക്കർ സ്ഥലത്താണ് പുതുതായി മന്ദിരം പണിയുന്നത്. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ, അഡ്വ.എസ്.കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്.വി അനിലാൽ, കെ.ഓമന, വി. മനോഹരൻ, ജയകുമാർ, സിന്ധു.കെ, വികസന സമിതി ഭാരവാഹികളായ അഴൂർ വിജയൻ, വിജയൻ തമ്പി, തെറ്റിച്ചിറ മനു, പി.ടി.എ വൈസ് പ്രസിഡന്റ് ശശിധരൻ നായർ, പ്രിൻസിപ്പാൾ ഡോ. അബ്ദുൽ നിസാർ, സുനു.പി.നായർ എന്നിവർ പങ്കെടുത്തു. വികസന സമിതി ഭാരവാഹികളായി വി.ശശി എം.എൽ.എ (ചെയർമാൻ), എം.ജലീൽ, ആർ.അനിൽകുമാർ, അഡ്വ.എസ്.കൃഷ്ണകുമാർ (വൈസ് ചെയർമാൻമാർ) ഡോ.എ.അബ്ദുൽ നിസാർ (കൺവീനർ), എസ്.വി അനിലാൽ, അഴൂർ വിജയൻ, എം.ഷാജഹാൻ, കെ.ഓമന (ജോയിന്റ് കൺവീനർമാർ) എന്നിവരടങ്ങിയ 15 അംഗ എക്സിക്യുട്ടീവിനെ തിരഞ്ഞെടുത്തു.