oct14a

ആറ്റിങ്ങൽ: ആറ്റിങ്ങൽ സബ് ഡിവിഷൻ പരിധിയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. രണ്ടുവർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 300 കേഡറ്റുകൾ ആറ്റിങ്ങൽ ഗവ. കോളേജ് ഗ്രൗണ്ടിൽ നടന്ന പാസിംഗ്ഔട്ട് പരേഡിൽ പങ്കെടുത്തു. ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, അവനവഞ്ചേരി ഗവ. ഹൈസ്കൂൾ, ഇളമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ,​ തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചിറയിൻകീഴ് ശാരദവിലാസം ഹയർ സെക്കൻഡറി സ്കൂൾ, വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കേഡറ്റുകൾ അണിനിരന്നത്. എ.ഡി.ജി.പി. കെ. പത്മകുമാർ അഭിവാദ്യം സ്വീകരിച്ചു. എസ്.പി.സി. സ്റ്റേറ്റ് അഡീഷണൽ നോഡൽ ഓഫീസർ കെ. മുഹമ്മദ് ഷാഫി, ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി, ​ജില്ലാ നോഡൽ ഓഫീസർ വി.ടി. രാസിത്, ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ. സി.സി. പ്രതാപചന്ദ്രൻ, ചിറയിൻകീഴ് ഐ.എസ്.എച്ച്.ഒ. ജി.ബി.മുകേഷ്, അസി. ജില്ലാ നോഡൽ ഓഫീസർ ടി.എസ്.അനിൽകുമാർ എന്നിവർ പങ്കെടുത്തു.

പരേഡ് കമാൻഡറായി വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആർ.എസ്. ദേവദത്തനും, സെക്കൻഡ് ഇൻ കമാൻഡറായി ഇളമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ത്വിഷ ജി.ആർ നായരും നേതൃത്വം നൽകി. മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകൾക്കും സ്കൂളുകൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു.