drugs

നെടുമങ്ങാട്: കൊവിഡ് കാലത്ത് കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി അനുവദിച്ച സ്മാർട്ഫോൺ വില്ലനാകുന്നു. വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരിമാഫിയയ്ക്ക് ഗുണകരമായിരിക്കുകയാണ് ഇന്ന് ഈ സ്മാർട്ഫോണുകൾ. കൊവിഡ് വ്യാപനത്തിന് മുൻപ് വിദ്യാർത്ഥികൾക്ക് നിരോധിച്ചിരുന്ന ഫോണുകൾ ഇന്ന് ഉപയോഗിക്കാത്തതായി ആരും ഇല്ലെന്ന അവസ്ഥയാണ്.

ഈ സൗകര്യങ്ങൾ ഇപ്പോൾ ലഹരി മാഫിയ പരമാവധി ചൂഷണം ചെയ്യുന്നതായാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലഹരിമാഫിയകളുടെ പ്രധാന ലക്ഷ്യം സ്കൂൾ വിദ്യാർത്ഥി​കളാണ്. ലഹരിക്ക് അടിമകളാകുന്ന കുട്ടികൾ പിന്നീട് ഇതിന്റെ ആവശ്യത്തിനായി ലഹരികടത്ത് സംഘത്തിന്റെ കണ്ണികളാകുന്നത് പതിവാണ്. പണ്ട് ആൽക്കഹോൾ മാത്രമായിരുന്നു വില്ലനെങ്കിൽ ഇന്ന് കൊക്കയ്ൻ,​ എം.ഡി.എം.എ,​ എൽ.എസ്.ഡി,​ സ്റ്റാമ്പ് എന്നുതുടങ്ങി ലഹരിയുടെ ഒരു നീണ്ട നിരതന്നെ ഉണ്ട്. ഉപയോഗിച്ചാൽ മറ്റുള്ളവർക്ക് മണം ലഭിക്കാത്ത ഇത്തരം ലഹരി വസ്തുക്കളുടെ പിറകെയാണ് ഇന്ന് യുവ തലമുറ. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ഭാവിതലമുറയെ ലഹരി ഉപയോഗത്തിന്റെ ഗുണഭോക്താക്കളാക്കി മാറ്റും എന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആദ്യം ഉപയോക്താവ്, പിന്നെ വില്പനക്കാർ

മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾ വേഗം തന്നെ ലഹരിയുടെ കടത്തുകാരാകും. ലഹരിവസ്തുക്കൾ കുറഞ്ഞവിലയ്ക്ക് കിട്ടുമെന്നതിനാലും മറ്റ് ചെലവുകൾക്ക് പണം ലഭിക്കുമെന്നതി​നാലും ഈ ജോലിയിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നതിന് കാരണമാകുന്നു. നിലവിൽ സ്മാർട്ഫോണുകൾ ലഹരികടത്തിന് ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. കണ്ണിയിൽ ആംഗമായ ഒരു വിദ്യാർത്ഥിയുടെ ഫോണിൽ നിന്നും മറ്റ് കുട്ടികളെ കണ്ടെത്തി പ്രലോഭിപ്പിച്ച് വശത്താക്കാനും ഇവർ പിറകോട്ടല്ല.

കച്ചവടവും വാട്സാപ് വഴി

കുട്ടികൾക്ക് പഠനത്തിനായി വാട്സപ് ലഭിച്ചത് ഉപയോഗപ്പെടുത്തുന്നത് ഇന്ന് ഇത്തരം മാഫിയകളാണ്. പുതിയ ഉപയോക്താക്കളെ കണ്ടെത്താൻ മാത്രമല്ല, വില്പനയ്ക്കായി ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് ലൊക്കേഷൻ നൽകാനും ഇത് ഉപയോഗിക്കാം. ഒപ്പം ആവശ്യക്കാരയ കുട്ടികൾക്ക് ഒരു മെസേജ് മതി,​ ആവശ്യപ്പെടുന്നത് പറയുന്ന സ്ഥലത്തെത്തും.

രക്ഷിതാക്കൾ ശ്രദ്ധിക്കുക

**കുട്ടികൾ മൊബൈൽ ഫോണും കമ്പ്യൂട്ടറും വീട്ടിൽ ഉപയോഗിക്കുന്ന സമയം അവരെ അടച്ചിട്ട മുറികളിൽ ഇരുത്തരുത്

**കമ്പ്യൂട്ടറും മറ്റും നമ്മുടെ വീടിന്റെ ഹാളിൽ തന്നെ സ്ഥാപിക്കുന്നതാണ് കൂടുതൽ സൗകര്യപ്രദം.

**കുട്ടികൾ ദിവസവും കൃത്യസമയത്ത് വീട്ടിൽ നിന്ന് സ്കൂളിലും സ്കൂളിൽ നിന്ന് വീട്ടിലും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം

** കുട്ടികൾക്ക് അനാവശ്യമായി പണം കൈവശം കൊടുക്കാതിരിക്കുക.

**രാത്രി വൈകി കുട്ടികളെ മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കാൻ അനുവദിക്കരുത്.

കഴിവതും കുട്ടികൾക്ക് അത്യാവശ്യ ഘട്ടത്തിൽ അല്ലാതെ സ്കൂളുകളിൽ മൊബൈൽ ഫോൺ കൊടുത്ത് അയയ്ക്കാതിരിക്കുക. മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും റെസ്ട്രിക്റ്റഡ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി കുട്ടികളുടെ അമിത ഉപയോഗത്തെയും അനാവശ്യ സൈറ്റുകളിലേക്ക് പോകുന്നതും തടയിടാൻ കഴിയും.

സജിത് കുമാർ .ജി.എസ്, എക്‌സൈസ്

ഇൻസ്‌പെക്ടർ നെടുമങ്ങാട്