gg

വർക്കല: വർക്കലയിലെ പ്രധാന പൊതു മാർക്കറ്റായ വെട്ടൂർ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള പുത്തൻചന്ത മാർക്കറ്റ് വികസനം മൂന്നു വർഷം പിന്നിട്ടിട്ടും യാഥാർഥ്യമാക്കാനുള്ള നടപടികൾ പെരുവഴിയിലായതായി ആക്ഷേപം. ഹൈടെക് വികസനമെന്ന പേരിൽ തുടങ്ങിയ നിർമാണത്തിൽ ആകെ നടന്നത് പില്ലർ സ്ഥാപിക്കാനുള്ള കുഴിയെടുപ്പ് മാത്രം. കുഴികളാവട്ടെ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യം തള്ളാനുള്ള ഇടവുമായി മാറി. തീരദേശ വികസന കോർപറേഷൻ ഫണ്ട് ഉപയോഗിച്ചാണ് മാർക്കറ്റിന്റെ ശോചനീയാവസ്ഥ മാറ്റി പുതിയ രൂപത്തിലേക്ക് വികസിപ്പിക്കാൻ നീക്കം തുടങ്ങിയത്. കഴിഞ്ഞ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് അന്നത്തെ പഞ്ചായത്ത് കോൺഗ്രസ് ഭരണസമിതി മാർക്കറ്റ് നിർമ്മാണം ഉദ്ഘാടനം നടത്തിയത്. തിരഞ്ഞെടുപ്പിന് ശേഷം മാർക്കറ്റ് പൂർണമായി ഒഴിപ്പിച്ചു. പില്ലർ നിർമാണത്തിന് ഏതാനും കുഴികൾ എടുത്തപ്പോൾ, അകത്ത് കച്ചവടം നടത്തിയ മത്സ്യ വില്പനക്കാരായ ഭൂരിപക്ഷം പേരും റോഡരികിലേക്കു മാറി. വർക്കല കല്ലമ്പലം റോഡ്, കടയ്ക്കാവൂർ റോഡ് എന്നിവ കൂടിച്ചേരുന്ന ഭാഗത്താണ് വർഷങ്ങളായി പുത്തൻ പന്ത മാർക്കറ്റ് പ്രവർത്തിക്കുന്നത്.

വെട്ടൂർ പഞ്ചായത്തിന് വർഷാവർഷം നല്ലൊരു വരുമാന മാർഗമായിരുന്നു മാർക്കറ്റ് ലേലം വഴി ലഭിച്ചിരുന്നത്. പുത്തൻചന്തയും പരിസരവും വികസിച്ചെങ്കിലും വൃത്തിഹീനമായ ചുറ്റുപാടിൽ മാർക്കറ്റ് തുടർന്നതോടെയാണ് തീരദേശ വികസന കോർപറേഷന്റെ ഏകദേശം2 കോടിയോളം രൂപ ചെലവാക്കി ബഹുനില മന്ദിരവും മത്സ്യത്തൊഴിലാളികൾക്ക് വിശ്രമകേന്ദ്രങ്ങളും മത്സ്യങ്ങൾ ആധുനിക രീതിയിൽ സൂക്ഷിക്കാൻ പാകത്തിൽ ഫ്രീസർ ഉൾപ്പെടെ മാർക്കറ്റ് വിഭാവനം ചെയ്തത്.

നിർമാണം ഏറ്റെടുത്ത കരാറുകാരൻ ആദ്യഘട്ടത്തിൽ പൈലിംഗ് മാത്രം നടത്തി പിൻവാങ്ങിയതാണ് നിർമാണ തടസ്സത്തിനു കാരണമെന്നാണ് പഞ്ചായത്ത് ഭരണസമിതി പറയുന്നത്. ഈ മാസം അവസാനത്തോടെ നിർമ്മാണം പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും പറയുന്നു. കഴിഞ്ഞ 3 വർഷമായി കച്ചവടക്കാർ പെരുവഴിയിലാണ് കച്ചവടം നടത്തിപ്പോരുന്നത്. വെയിലത്തും മഴയത്തും വഴിയോരത്ത് കച്ചവടം നടത്തേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള കച്ചവടക്കാർ.