മുടപുരം: ജല ജീവൻ പഞ്ചായത്ത് തല അവലോകന യോഗം ആറ്റിങ്ങൽ വാട്ടർ അതോറിട്ടി ഓഫീസിൽ നടന്നു. എക്സിക്യൂട്ടീവ് എൻജിനീയർ ബൈജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സാബു, ടെക്നിക്കൽ അസിസ്റ്റന്റ് ദീപ്തി, അസിസ്റ്റന്റ് എൻജിനീയർ നന്ദുനായർ, ഓവർസീയർ അരുൺ, ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ കിഴുവിലം ഗ്രാമ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് അഡ്വ.ആർ. ശ്രീകണ്ഠൻ നായർ പങ്കെടുത്തു.

കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് നിലവിൽ ശുദ്ധജല വിതരണം പലപ്പോഴും നടക്കുന്നത് 8 മുതൽ 10 വരെ ദിവസങ്ങൾ ഇടവിട്ടാണെന്ന വസ്തുത യോഗം ചർച്ച ചെയ്തു. ഇപ്പോഴുള്ള സാഹചര്യത്തിൽ നാലു ദിവസത്തിൽ ഒരിക്കൽ എന്ന ക്രമത്തിൽ മുടക്കം കൂടാതെ കിഴുവിലം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും ജല വിതരണം നടത്തുന്നതിന് ആവശ്യമായ ക്രമീകരണം നടത്താമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നല്കി.

യോഗതീരുമാനങ്ങൾ

1. ഏതെങ്കിലും കാരണശാൽ ജലവിതരണം മുടങ്ങിയാൽ അടുത്ത ടേൺ വരെ കാത്തിരിക്കാതെ തൊട്ടടുത്ത ദിവസം ജല വിതരണം നടത്തും.

2. നിശ്ചയ പ്രകാരം ജല വിതരണം നടക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ തലത്തിലും എക്സിക്യൂട്ടീവ് എൻജിനീയർ തലത്തിലും ഉറപ്പു വരുത്തും

3. നിലവിലുള്ള പമ്പ് സെറ്റ് കാലപഴക്കം കാരണം നിരന്തരം കേടാകുന്നത് ജല വിതരണത്തെ സാരമായി ബാധിക്കുന്നതിനാൽ സ്റ്റാൻഡ് ബൈ പമ്പ് സ്ഥാപിക്കുന്നതിനും പുതിയ പമ്പ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

4.പ്രവർത്തികൾ പൂർത്തിയായിട്ടുള്ള പുതിയ പ്ലാന്റിന് വൈദ്യുത കണക്ഷൻ ലഭിച്ച് പ്രവർത്തനം ആരംഭിക്കുന്നതോടെ എല്ലാ ദിവസവും കിഴുവിലത്ത് ജല വിതരണം നടത്താനാകും

5. ജലജീവൻ പദ്ധതി പ്രകാരം 20 വാർഡുകളിലായി ആദ്യ ഘട്ടത്തിൽ 1100 കണക്ഷനുകളും രണ്ടാം ഘട്ടത്തിൽ 6000 കണക്ഷനുകളും നൽകിയിട്ടുണ്ട്. ശേഷിച്ച 1200 ഗാർഹിക കണക്ഷൻ നൽകാനുള്ളത് പഞ്ചായത്തിന്റെ സഹായത്തോടെ കണ്ടെത്തി സമയ ബന്ധിതമായി പൂർത്തിയാക്കും.

6. പൊതുമരാമത്ത് - ദേശീയ പാതകളിൽ നിന്നും ഗാർഹിക കണക്ഷൻ നല്കുന്നത് സംബന്ധിച്ച് പഞ്ചായത്ത്- വാട്ടർ അതോറിട്ടി- പൊതു മരാമത്ത്- ദേശീയ പാത വിഭാഗങ്ങളുടെ സംയുക്ത യോഗം ചേരാൻ തീരുമാനം.

7. എൻ.ഇ.എസ് ബ്ലോക്ക് ജംഗ്ഷനിൽ പുതുതായി സ്ഥാപിച്ച പമ്പ് നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി.

8. ജല ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പ് ഇടുന്നതിനു വേണ്ടി റോഡുകൾ കുഴിച്ചതിൽ വാട്ടർ അതോറിട്ടി ഉത്തരവാദിത്വത്തിൽ പൂർവ്വ സ്ഥിതിയിലാക്കുന്നതിന് നടപടികൾ ആരംഭിച്ചു. ശേഷിച്ചവ പുനഃസ്ഥാപിക്കുന്നതിനുള്ള തുക പഞ്ചായത്തിൽ ഡെപ്പോസിറ്റ് ചെയ്യും

9. ജലജീവൻ പദ്ധതിയുടെ സഹായ ഏജൻസിയുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിനും ജല സാക്ഷരത അടക്കമുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുമായി സപ്പോർട്ടിംഗ് ഏജൻസിയുടെയും ജന പ്രതിനിധികളുടെയും യോഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ സാന്നിദ്ധ്യത്തിൽ ചേരും