തിരുവനന്തപുരം: വ്യവസായം തുടങ്ങാൻ ലോണിന് അപേക്ഷിച്ച വൃദ്ധനെ കേരള ഫിനാൻഷ്യൽ കോർപറേഷൻ മാസങ്ങളോളം നടത്തിക്കുകയും,​ അനുവദിച്ച ലോൺ പിന്നീട് റദ്ദാക്കുകയും ചെയ്തതായി പരാതി. പെരുമാതുറ സ്വദേശി എഫ്. ബഷീറാണ് (85) ബേക്കറി ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനം തുടങ്ങാൻ കഴിഞ്ഞ ജനുവരിയിൽ 60 ലക്ഷം രൂപ വായ്പയ്ക്ക് അപേക്ഷിച്ചത്. എന്നാൽ പ്രായാധിക്യം ഉള്ളതിനാൽ മകളുടെ പേരിലാണെങ്കിലേ ലോൺ നല്കാനാവൂ എന്ന് അറിയിച്ചു.

മകളുടെ പേരിൽ കമ്പനി രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ഏഴിന് വായ്പ അനുവദിച്ചെങ്കിലും,​ പിന്നീട് വായ്പ റദ്ദാക്കിയെന്നു കാണിച്ച് കെ.എഫ്.സി കത്തയയ്ക്കുകയായിരുന്നു. യന്ത്രസാമഗ്രികൾ വാങ്ങാൻ പെരുമാതുറ ഫെഡറൽ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ വായ്‌പയെടുത്തത് ബഷീർ മറച്ചുവച്ചെന്നും,​ ഒരേ ആവശ്യത്തിന് രണ്ടു ബാങ്കിൽ നിന്ന് വായ്പയ്ക്ക് വ്യവസ്ഥയില്ലെന്നുമാണ് കെ.എഫ്.സി ചീഫ് മാനേജർ അനീഷയുടെ വിശദീകരണം. ഇക്കാര്യം താൻ അറിയിച്ചിരുന്നതായാണ് ബഷീറിന്റെ പരാതി.

അതേസമയം,​ ബഷീറിന് ഫെഡറൽ ബാങ്കിൽ ലോണുള്ള വിവരം കെ.എഫ്.സി വായ്പയ്ക്ക് എഗ്രിമെന്റ് ഒപ്പിട്ട ശേഷമാണ് അറിയുന്നതെന്നും,​ ആദ്യ വായ്പയിൽ മൂന്നു ലക്ഷം ജില്ലാ വ്യവസായ വകുപ്പിൽ നിന്ന് സബ്സിഡി ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് ലോൺ റദ്ദാക്കിയതെന്നും കെ.എഫ്.സി വിശദീകരിക്കുന്നു.