vd-satheesan

തിരുവനന്തപുരം: എൻഡോസൾഫാൻ ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരം ഒത്തുതീർക്കാൻ സർക്കാർ തയാറായില്ലെങ്കിൽ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സെക്രട്ടേറിയറ്റിനു മുമ്പിലെ ദയാബായിയുടെ സമരപ്പന്തലിൽ യു.ഡി.എഫ് ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാരിന് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണ് ദയാബായി ഉന്നയിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി ഉറപ്പ് നൽകിയാൽ ദയാബായി സമരം അവസാനിപ്പിക്കും. മന്ത്രി നാട്ടിൽ എത്തിയാലുടൻ ഇടപെടണമെന്ന് ആവശ്യപ്പെടുമെന്നും സതീശൻ പറഞ്ഞു. ഐക്യദാർഢ്യവുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. രക്തസാക്ഷിമണ്ഡപത്തിനു മുന്നിൽ നിന്നാരംഭിച്ച പ്രകടനത്തിന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്.ബാബു എന്നിവർ നേതൃത്വം നൽകി. ഐക്യദാർഢ്യ സമ്മേളനത്തിൽ നേതാക്കളായ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ജി.എസ്.ബാബു, ടി.ശരത് ചന്ദ്രപ്രസാദ്, ആർ. ലക്ഷ്മി,വി.എസ്.ശിവകുമാർ,ജോൺ വിനേഷ്യസ്, കടകംപള്ളി ഹരിദാസ്, ജോൺസൺ ജോസഫ്,പി.പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.