
തിരുവനന്തപുരം: പ്രീ പ്രൈമറി തലം മുതൽ ട്രാഫിക് ബോധവത്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം കമലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കേരള പൊലീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓരോരുത്തർക്കും ഗതാഗത സാക്ഷരത വേണമെന്ന് മന്ത്രി പറഞ്ഞു. ഗതാഗതവുമായി ബന്ധപ്പെട്ട പ്രാഥമിക അറിവുകൾ കുട്ടികൾക്ക് നൽകുന്നത് ഉചിതമാകും. ഇക്കാര്യം കരിക്കുലം സമിതി ഗൗരവത്തോടെ കാണും. ഇക്കാര്യത്തിൽ കേരള പൊലീസിന് വിദ്യാഭ്യാസ വകുപ്പിനെ സഹായിക്കാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്റ്റേറ്റ് പ്ലാൻ സ്കീമിൽ തിരുവനന്തപുരം സിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട 5 സ്കൂളുകളുടെ പരിസരത്തായാണ് ട്രാഫിക് റോഡ് സുരക്ഷ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ ലാ ആൻഡ് ഓർഡർ, ട്രാഫിക് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അജിത്കുമാർ, ക്രൈം ആൻഡ് അഡ്മിൻ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ. എ. നസീം, ട്രാഫിക് പൊലീസ് സൂപ്രണ്ട് സുനിൽകുമാർ, ശംഖുംമുഖം എ.സി ഡി.കെ. പൃഥ്വിരാജ്, കൗൺസിലർ വിജയകുമാരി, സ്കൂൾ പ്രിൻസിപ്പൽ സിന്ധു, ട്രാഫിക് എ.സി ഷാജു വി.എസ്. തുടങ്ങിയവർ പങ്കെടുത്തു.