തിരുവനന്തപുരം : തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തെ 36വാർഡുകൾ ഉൾക്കൊള്ളുന്ന സെൻട്രൽ സോൺ പ്രവർത്തിക്കുന്ന കോർപ്പറേഷൻ ആസ്ഥാനത്തെ റവന്യു വിഭാഗത്തിൽ മാസങ്ങളായി ഫയലുകൾക്ക് കൂട്ട വിശ്രമം. കെട്ടിടനിർമ്മാണം പൂർത്തിയായാൽ പരമാവധി 14ദിവസത്തിനുള്ളിൽ ടി.സി നൽകണമെന്നരിക്കെ ആറുമാസമാസമായി ഇതിനായി കയറി ഇറങ്ങുന്നവരുണ്ട്. 364ഫയലുകളാണ് കുരുങ്ങിരിക്കുന്നത്. റവന്യുഓഫീസർമാർ മാറി വന്നതും അസി. റവന്യു ഓഫീസറുടെ കസേര ഒഴിഞ്ഞു കിടക്കുന്നതും മുതലാക്കി സൂപ്രണ്ടുമാർ ഉഴപ്പുന്നതാണ് പ്രതിസന്ധിക്ക് കാരണം.

നികുതി നിശ്ചയിച്ച് ടി.സി ലഭ്യമായാൽ മാത്രമേ വെള്ളത്തിനും വൈദ്യുതിക്കും അപേക്ഷ നൽകാനാകൂ. ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കി മൂലം നൂറുകണക്കിന് കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. സെക്ഷൻ ഓഫീസർമാർ കാര്യക്ഷമമായി പണിയെടുക്കുന്നുണ്ടെങ്കിലും റവന്യുവിഭാഗത്തിലെ രണ്ട് സൂപ്രണ്ടുമാരുടെ മുന്നിൽ ഫയലുകൾ അകാരണമായി കുന്നുകൂടി കിടക്കുന്നതായാണ് പരാതി. ദിവസേന ജനങ്ങൾ ഇവിടെ എത്തി ഉദ്യോഗസ്ഥരുമായി കലഹിക്കുന്നത് പതിവാണ്. എൻജിനിയറിംഗ് വിഭാഗം ഒക്യുപെൻസി നൽകി കഴിഞ്ഞാൽ ഫയൽ റവന്യു സെക്ഷനിലെത്തും. സെക്ഷൻ ക്ലാർക്കുമാർ ഫയൽ ഉടൻ റവന്യു ഇൻസ്പെക്ടർമാർക്ക് നൽകും. സ്ഥലപരിശോധന നടത്തി ഫയൽ തിരികെ സെക്ഷനിലൂടെ സൂപ്രണ്ടുമാരിലെത്തും. 2000സ്‌ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടങ്ങൾ അസി.റവന്യു ഇൻസ്‌പെക്ടറും അതിന് മുകളിലുള്ളവയ്ക്ക് റവന്യു ഇൻസ്‌പെക്ടർമാരുമാണ് അനുമതി നൽകേണ്ടത്.

ഫയൽ കുരുങ്ങുന്ന മൂന്നിടങ്ങൾ

റവന്യു ഇൻസ്‌പെക്ടർമാർ സ്ഥല പരിശോധന നടത്തി നൽകുന്ന ചില ഫയലുകൾ സൂപ്രണ്ടുമാർ തിരിച്ചയയ്ക്കും

വെരിഫിക്കേഷൻ എന്ന പേരിൽ ഫയലുകൾ യഥാസമയം അസി. റവന്യു ഇൻസ്‌പെക്ടർക്കും റവന്യു ഇൻസ്പെക്ടർക്കും കൈമാറില്ല.

റവന്യു ഇൻസ്‌പെക്ടർ അംഗീകരിച്ച് നൽകുന്ന ഫയലുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തി ഡിജിറ്റൽ സിഗ്നേച്ചറോടെ സർട്ടിഫിക്കറ്റ് നൽകാൻ മാസങ്ങളെടുക്കും