കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ അത്ഭുതകരമായി രക്ഷപ്പെട്ടു.നാവായിക്കുളം പുന്നോട് ദാറുൽഹുദയിൽ ജസീന (29), മാതാവ്‌ അസീസ ബീവി (59) എന്നിവരാണ്‌ രക്ഷപ്പെട്ടത്. കല്ലമ്പലത്ത് വീട്ടുസാധനങ്ങൾ വാങ്ങാനെത്തിയ ഇവർ തിരിച്ച് വീട്ടിലേക്ക് മടങ്ങവേ കാറിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട ചുമട്ടു തൊഴിലാളികൾ കാർ നിറുത്താനാവശ്യപ്പെട്ടു. തുടർന്ന് കാർ നിറുത്തി സ്ത്രീകൾ പുറത്തിറങ്ങുകയായിരുന്നു. ജസീനയാണ്‌ കാർ ഓടിച്ചിരുന്നത്. ചുമട്ടു തൊഴിലാളികളും നാട്ടുകാരും ചേർന്ന് തീ അണച്ചെങ്കിലും നാവായിക്കുളം ഫയർഫോഴ്സ് സർക്കിൾ ഓഫീസിൽ നിന്നെത്തിയ സംഘം കാറിലേക്ക് വെള്ളം ചീറ്റി സുരക്ഷ ഉറപ്പാക്കി. കാറിന് തീപിടിച്ചതോടെ കല്ലമ്പലത്ത് ഗതാഗതം സ്തംഭിച്ചെങ്കിലും കല്ലമ്പലം പൊലീസിന്റെ സമയോചിതമായ അരമണിക്കൂറിനുള്ളിൽ ഗതാഗതം പൂർവസ്ഥിതിയിലാക്കി.