
തിരുവനന്തപുരം:പുരുഷ കേന്ദ്രീകൃതമാണ് സംഗീതസംവിധാന മേഖലയെന്നും ഈ രംഗത്തേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവരണമെന്നും ഗായികയും സംഗീത സംവിധായകയുമായ സയനോര പറഞ്ഞു.തൈക്കാട് ഗണേശത്തിൽ നടന്ന സൂര്യ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു സയനോര.സമൂഹത്തിലെ ഏത് വെല്ലുവിളികളും ഏറ്റെടുക്കാൻ സ്ത്രീകൾ തയ്യാറാകണമെന്നും സാമ്പത്തികമായി സ്വാതന്ത്ര്യം നേടേണ്ടത് വളരെ പ്രധാനപ്പെട്ടതാണെന്നും പുരുഷന്മാരുടെയും സ്ത്രീകളുടെ കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കണമെന്നും അവർ പറഞ്ഞു.
അതിജീവിതയെ പിന്തുണച്ചത് മാനുഷികമായ നിലപാട്
ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാനുള്ള തന്റെ തീരുമാനം ധീരവും മാനുഷികവുമായ നിലപാടായിരുന്നെന്ന് സയനോര.നടി ആക്രമിക്കപ്പെട്ട ശേഷം സിനിമാരംഗത്ത് രൂപംകൊണ്ട വിമെൻ ഇൻ സിനിമ കളക്ടീവിന് പ്രകടമായ മാറ്റങ്ങൾ കൊണ്ടുവരാനായെന്നും അതിനോടൊപ്പം നിൽക്കാൻ കൂടുതൽ സ്ത്രീകൾ തയ്യാറാവാതിരുന്നത് ദുഃഖകരമാണെന്നും സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്ത്രീകൾക്കൊപ്പം പുരുഷന്മാരും രംഗത്തിറങ്ങണമെന്നും സയനോര ആവശ്യപ്പെട്ടു.