
വിഴിഞ്ഞം: കോടതി ഉത്തരവിനെ തുടർന്ന് പുനരാരംഭിച്ച രാജ്യാന്തര തുറമുഖ നിർമ്മാണം വൈദികർ ഉൾപ്പെടെയുള്ള സമരക്കാർ തടഞ്ഞു. തുടർന്ന് പണികൾ താത്കാലികമായി നിറുത്തി. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. തുറമുഖ നിർമ്മാണ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന കല്ല് ലോറിയിൽ പുലിമുട്ട് നിർമ്മാണസ്ഥലത്ത് നിക്ഷേപിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് സമരക്കാർ പറയുന്നത്. എന്നാൽ കടലിൽ മത്സ്യബന്ധന വള്ളങ്ങൾക്കുള്ള മുന്നറിയിപ്പ് ലൈറ്റുകൾ അടങ്ങിയ ബോയകൾ സ്ഥാപിച്ചപ്പോഴാണ് തടഞ്ഞതെന്ന് തുറമുഖ നിർമ്മാണ കമ്പനി അധികൃതർ പറഞ്ഞു. സമരപ്പന്തലിൽ നിന്നല്ലാതെ വലിയ കടപ്പുറം വഴിയാണ് സമരക്കാർ നിർമ്മാണ സ്ഥലത്തേക്ക് പ്രവേശിച്ചത്. തുറമുഖ നിർമ്മാണ പ്രവൃത്തികൾ തടയുന്നില്ല എന്നാണ് സമരക്കാർ കോടതിയെ അറിയിച്ചിരുന്നത്. ഇന്നലെ നിർമ്മാണ പ്രവൃത്തികൾ തടഞ്ഞത് കോടതിയ ലക്ഷ്യമാണെന്നും പൊലീസ് നടപടിയെടുത്തില്ലെന്നും ആരോപിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മുല്ലൂരിൽ പ്രതിഷേധ ജാഥ നടത്തി.
തയ്യാറെടുപ്പ് തുടങ്ങി
കോടതി ഉത്തരവിനെ തുടർന്ന് തുറമുഖ നിർമ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി തുറമുഖ നിർമ്മാണ സ്ഥലത്ത് വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണികൾ തുടങ്ങി. ഓഫീസ് ജോലികളും പുനരാരംഭിച്ചു. പൊലീസ് സംരക്ഷണയിൽ പദ്ധതി പ്രദേശത്തേക്ക് കല്ലുകൾ എത്തിക്കാനാണ് നീക്കം.
നോട്ടീസ് നൽകി
സമരത്തിൽ പങ്കെടുക്കുന്നവർക്കും സമരസമിതി ഭാരവാഹികൾക്കും പൊലീസും ആർ.ഡി.ഒയും നോട്ടീസ് നൽകി.സമരത്തിൽ പങ്കെടുത്ത വാഹനഉടമകൾക്കും സമരസമിതി പ്രവർത്തകർക്കുമടക്കം തുടർ സമരത്തിൽ പങ്കെടുക്കരുതെന്ന് കാണിച്ച് ഒരാഴ്ചയായി പൊലീസ് നോട്ടീസ് നൽകുകയാണ്.