തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ഉപകരണങ്ങൾ: 2047ലേക്കുള്ള പരിവർത്തനവും ദിശാബോധവും എന്ന വിഷയത്തിൽ നാളെയും മറ്റന്നാളും കോൺക്ലേവ് നടക്കും. 17ന് രാവിലെ 9.30ന്‌ എ.എം.സി ഓഡിറ്റോറിയത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി, മന്ത്രി വീണാജോർജ്ജ്,ജനറൽ ഒഫ് ഹെൽത്ത് സർവീസസ് ഡയറക്ടർ പ്രൊഫ.അതുൽഗോയൽ തുടങ്ങിയവർ പങ്കെടുക്കും. ആരോഗ്യസേവനമേഖലയിലെ സാങ്കേതികവിദ്യാവിഭാഗം നേരിടുന്ന വെല്ലുവിളികൾനേരിടുന്നതിനും ഭാവിവഴികൾ സുഗമമാക്കുന്നതിനുമായി ക്ലിനിക്കൽ കമ്മ്യൂണിറ്റി, വ്യവസായം, റെഗുലേറ്ററിബോഡികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. 'പുതിയ സഹസ്രാബ്ദത്തിലെ ശാസ്ത്രവും ശാസ്ത്രജ്ഞരും: ഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന വിഷയത്തിൽ പ്രൊഫ.അശുതോഷ് ശർമ .ജി പാർത്ഥസാരഥി സ്മാരക പ്രഭാഷണം നടത്തും.കാർഡിയോളജി ആൻഡ് കാർഡിയാക് സർജറി,ന്യൂറോളജി ആൻഡ് ന്യൂറോ സർജറി,റേഡിയോളജി, അനസ്‌തേഷ്യോളജി തുടങ്ങിയ വിഭാഗങ്ങളിലെ ക്ലിനിക്കൽ, വ്യവസായ,റെഗുലേറ്ററി ഗവേഷണ വീക്ഷണങ്ങൾ ഉൾക്കൊള്ളുന്ന വിദഗ്ദ്ധർ വിഷയങ്ങൾ അവതരിപ്പിക്കും. ഓരോ സാങ്കേതിക വിഷയാവതരണങ്ങൾക്ക് ശേഷവും ആരോഗ്യ സേവനമേഖലയിലെ ഉപകരണ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ധവളപത്രങ്ങൾ പ്രസിദ്ധീകരിക്കുമെന്നും ശ്രീചിത്രയിലെ ശാസ്ത്രജ്ഞരായ ഡി.എസ്.നാഗേഷ്, വി.വിനോദ്കുമാർ, ജിജോരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.