
തിരുവനന്തപുരം : കുട്ടികളിൽ ഇടവിട്ടുണ്ടാകുന്ന പനി, ജലദോഷം, ചുമ തുടങ്ങിയവയ്ക്കു കാരണം കൊവിഡാനന്തരം പ്രതിരോധ ശേഷിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലായ ഇമ്മ്യൂണിറ്റി ഡെബ്റ്റെന്ന് ആരോഗ്യവകുപ്പ്. കുട്ടികൾക്ക് പ്രത്യേക നിരീക്ഷണം വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വീണാജോർജ് അറിയിച്ചു. കുട്ടികളിൽ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ വർദ്ധന ലോകത്തെമ്പാടുമുണ്ട്. സ്‌കൂളുകൾ അടച്ചിരുന്ന സമയത്ത് മറ്റുള്ളവരുമായി സമ്പർക്കമില്ലാത്തതിനാൽ കുട്ടികൾക്ക് പ്രതിരോധശേഷി കുറഞ്ഞു. അങ്കണവാടികളും സ്‌കൂളുകളും തുറന്നപ്പോൾ വീണ്ടും അണുക്കളുമായി കൂടുതൽ സമ്പർക്കത്തിലായി. ശ്വാസകോശ അണുബാധ ചികിത്സിച്ചില്ലെങ്കിൽ ന്യുമോണിയയ്ക്കു സാദ്ധ്യതയുള്ളതിനാൽ എത്രയും വേഗം ചികിത്സ തേടണം. സ്‌കൂളുകൾ വഴി ഇക്കാര്യത്തിൽ അവബോധം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
അപായ സൂചനകൾ
ശ്വാസംമുട്ടൽ,കഫത്തിൽ രക്തം,അസാധാരണ മയക്കം, തളർച്ച, നാക്കിലോ ചുണ്ടിലോ നഖത്തിലോ നീലനിറം, ശക്തിയായ പനി, അതിയായ തണുപ്പ്, ജന്നി, ക്രമത്തിൽ കൂടുതൽ വേഗതയിലുള്ള ശ്വാസമെടുപ്പ് എന്നിവ കണ്ടാൽ ഉടൻ കുട്ടിക്ക് ചികിത്സ ഉറപ്പാക്കണം.
രക്ഷിതാക്കൾ ശ്രദ്ധിക്കണം
രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്
തണുത്ത ആഹാരമോ പാനീയമോ നൽകരുത്
ആഹാരം അളവ് കുറച്ച് കൂടുതൽ തവണ നൽകുക
മരുന്നും പോഷകമുള്ള ചൂടുപാനീയങ്ങളും നൽകണം
പപ്പായ, മാങ്ങ തുടങ്ങി ലഭ്യമായ പഴങ്ങൾ നൽകണം
കൃത്യമായി മരുന്ന് നൽകണം