fond

തി​രുവനന്തപുരം: അടുത്ത അദ്ധ്യയന വർഷം മുതൽ പാഠപുസ്തകങ്ങളി​ൽ ലി​പി​ പരി​ഷ്കരണമനുസരി​ച്ചുള്ള വാക്കുകൾ ഉൾപ്പെടുത്തും. പി​.എസ്.സി​ നടത്തുന്ന മത്സര പരീക്ഷകളും നവീകരി​ച്ച ലി​പി​യനുസരി​ച്ചാകും. അതിനനുസരിച്ചാകും മത്സര പരീക്ഷകളിലെ മൂല്യനിർണയമെന്ന് ചീഫ് സെക്രട്ടറി​ വി​.പി​. ജോയി​ പറഞ്ഞു. ലിപി പരിഷ്‌കരണവുമായി​ ബന്ധപ്പെട്ട് മാദ്ധ്യമ പ്രതി​നി​ധി​കളുടെ യോഗത്തി​ൽ സംസാരി​ക്കുകയായി​രുന്നു അദ്ദേഹം. മാദ്ധ്യമങ്ങളും പുതിയ ലിപി സ്വീകരിക്കുകയും അക്ഷരമെഴുത്തിൽ മാറ്റം വരുത്തുകയും ചെയ്യണമെന്ന് വി.പി. ജോയി നിർദ്ദേശിച്ചു.

ഭാഷയ്ക്ക് ഏകീകൃത സ്വഭാവം ഉണ്ടാകണം. പാഠപുസ്തകങ്ങളും അച്ചടി, ദൃശ്യമാദ്ധ്യമങ്ങളും സർക്കാർ ഉത്തരവുകളും പുസ്തകങ്ങളും എഴുത്തുകളും പരസ്യങ്ങളും ഏകീകൃത ലിപിയിലാകണം. പരിഷ്‌കരിച്ച ലിപി പ്രകാരമുള്ള മലയാളം ഫോണ്ടുകൾ സർക്കാർ പ്രസിദ്ധീകരിച്ചു. www.kerala.gov.in/malayalamfont, glossary.kerala.gov.in എന്നീ വെബ്സൈറ്റുകളി​ൽ നി​ന്ന് ഫോണ്ട് ഡൗൺ​ലോഡ് ചെയ്ത് ഉപയോഗി​ക്കാം.

സി​-ഡിറ്റ് ഒരുക്കിയ മന്ദാരം, തുമ്പ എന്നീ ഫോണ്ടുകൾക്കൊപ്പം മിയ, മഞ്ജുള, രഹന എന്നീ ഫോണ്ടുകളും ചേർത്താണ് പുതിയ ലിപികൾ ഒരുക്കിയിരിക്കുന്നത്. പുതിയ ലിപിയുടെ അടിസ്ഥാനത്തിൽ 104 പേജുള്ള സ്റ്റൈൽ ബുക്കും കഴിഞ്ഞ ദിവസം പുറത്തിറക്കി.

മലയാളത്തിൽ ഒരു പദം തന്നെ പല രീതിയിൽ എഴുതുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. വിദ്യാർത്ഥികളെയാണ് കൂടുതൽ കുഴപ്പത്തിലാക്കുന്നത്. എല്ലാവരും ഒരേപദം ഉപയോഗിക്കുന്ന രീതി അനിവാര്യമാണ്. അതിനായി ഏകീകൃത പദാവലിയുടെ മാതൃകയും കൈപ്പുസ്തകത്തിൽ നൽകിയിട്ടുണ്ട്. പുതിയവാക്കുകൾ ഇതിൽ കൂട്ടിച്ചേർക്കാം എന്നതിനൊപ്പം പുതിയ വാക്കുകൾ കണ്ടെത്തി നിർദ്ദേശിക്കാൻ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. 1971ലാണ് മലയാള ഭാഷയിൽ അവസാനം ലിപി പരിഷ്‌കരണം നടത്തിയത്.

2021ൽ ഏകീകൃത ലിപിവിന്യാസത്തിനായി വിദഗ്ദ്ധ സമിതി രൂപവത്കരിച്ചു. സമിതി നൽകിയ ശുപാർശപ്രകാരമാണ്

ഇപ്പോഴത്തെ പരിഷ്കരണം.

ചീഫ്‌സെക്രട്ടറി വി.പി. ജോയി അദ്ധ്യക്ഷനായ സിമിതിയിൽ ഡോ. ടി.ബി. വേണുഗോപാലപ്പണിക്കർ, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. പി. സോമൻ, ഡോ. വി.ആർ. പ്രബോധചന്ദ്രൻ, പ്രൊഫ. വി. മധുസൂദനൻനായർ, ഡോ. അനിൽവള്ളത്തോൾ, ചാക്കോപൊരിയത്ത്, ഡോ. എൻ.പി. ഉണ്ണി, ഡോ. എസ്. രാജശേഖരൻ, ഡോ. കെ.കെ. ശിവദാസ്, എൻ. ജയകൃഷ്ണൻ, ഡോ. ആർ. ശിവകുമാർ എന്നിവരായിരുന്നു അംഗങ്ങൾ.