തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ് അമ്പതുവർഷത്തേക്ക് അദാനിഗ്രൂപ്പിന് കൈമാറിയതിനെച്ചൊല്ലിയുള്ള നിയമയുദ്ധം സുപ്രീംകോടതിയിൽ തുടങ്ങുന്നു. നടത്തിപ്പ് കൈമാറിയത് ചോദ്യംചെയ്ത് സർക്കാർ, കെ.എസ്.ഐ.ഡി.സി, എയർപോർട്ട് അതോറിട്ടി എംപ്ളോയീസ് യൂണിയൻ എന്നിവർ നൽകിയ ഹർജികളാണ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ ഒക്ടോബറിൽ വിമാനത്താവള നടത്തിപ്പ് അദാനി ഏറ്റെടുത്തിരുന്നു.

പാട്ടക്കരാർ ഒപ്പിടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലിൽ സ്റ്റേ ഇല്ലാത്തതിനാലാണ് നടത്തിപ്പ് അദാനിക്ക് കൈമാറി എയർപോർട്ട് അതോറിട്ടി കരാറൊപ്പിട്ടത്. സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം ,സർക്കാരിന്റേതാണെന്നും സർക്കാരിന്റെ അനുമതിയില്ലാതെ ഇവിടെ അദാനിക്ക് വികസനം പറ്റില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. വിമാനത്താവള നടത്തിപ്പ് ചുമതല സർക്കാരിന്റെ കമ്പനിയായ ടിയാലിന് നൽകണമെന്നും അല്ലെങ്കിൽ എയർപോർട്ട് അതോറിട്ടി ഏറ്റെടുക്കണമെന്നുമാണ് സർക്കാർ ആവശ്യപ്പെടുന്നത്. വിമാനത്താവള നടത്തിപ്പ് അദാനി ഏറ്റെടുത്ത സാഹചര്യത്തിൽ ഹർജി അപ്രസക്തമാണെന്ന് കേന്ദ്രസർക്കാരും വിമാനത്താവള വികസനത്തിന് മാസ്റ്റർപ്ലാൻ തയ്യാറായെന്ന് അദാനിയും കോടതിയിൽ അറിയിക്കും. വിമാനത്താവളം അദാനിക്ക് കൈമാറുന്നത് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് സർക്കാരിന്റെ അപ്പീൽ.