1

വിഴിഞ്ഞം: വിനോദസഞ്ചാര സീസണ് തുടക്കം കുറിച്ച് രാജ്യാന്തര ടൂറിസം കേന്ദ്രമായ കോവളത്ത് ഊട്ടി സംഘം എത്തി. കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ രണ്ടു സീസണുകളിൽ ഇവർ എത്തിയിരുന്നില്ല. ഇക്കുറി തീരത്തെത്തിയ ആദ്യ സംഘത്തിൽ ബാലികമാരുൾപ്പെടെയുള്ള100 ഓളം പേരുണ്ട്. വരു ദിവസങ്ങളിൽ കൂടുതൽ പേർ എത്തും. ഏതാനും വർഷങ്ങൾ മുതൽ കോവളത്തെ ടൂറിസം സീസൺ ആരംഭിക്കുന്നത് ഈ സംഘങ്ങളുടെ വരവോടെയാണ്. മൂന്നോ നാലോ സംഘങ്ങൾ ആയാണ് ഇവരുടെ വരവ്. മെയ് അവസാനത്തോടെ ഊട്ടി കുട്ടികൾ വന്നുപോകുന്നതോടെ സീസണും അവസാനിക്കും. ഊട്ടിയിലെ ഹെബ്രോൺ ഇന്റർനാഷണൽ സ്കൂളിലെ, മൂന്നു വയസു മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളും അദ്ധ്യപകരുമാണ് ആദ്യ സംഘത്തിലുള്ളത്. ഇവർ അടുത്താഴ്‌ചയോടെ തിരികെ പോകും അതിനുശേക്ഷമാകും അടുത്ത സംഘം എത്തുക.

സീസൺ ആയെങ്കിലും തീരത്തെ കരിമണൽ ഇതുവരെയും പിൻവാങ്ങിയില്ല. തിര ശക്തമായിത്തുടരുന്നിടത്തെല്ലാം ലൈഫ് ഗാർഡുകൾ കയറുകൾ കെട്ടിയും മുന്നറിയിപ്പ് ബോർഡുകൾ വച്ചും സുരക്ഷ ഒരുക്കിയിട്ടുണ്ട്.