1

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ലത്തീൻ അതിരൂപതയുടെ സമരത്തിനെതിരെയും ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന പ്രതിഷേധ സമരത്തിന് ജനപിന്തുണയേറുന്നു. വിവിധ സംഘടനകളും വ്യക്തികളും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജനകീയ കൂട്ടായ്‌മയുടെ പന്തലിലേക്ക് എത്തുകയാണ്. നാടാർ സർവീസ് ഫോറത്തിന്റെ (എൻ.എസ്.എഫ്) നേതൃത്വത്തിലുള്ള റാലി ഇന്ന് വൈകിട്ട് നടക്കും.

വൈകിട്ട് നാലിന് മുക്കോല ജംഗ്ഷനിൽ നിന്ന് മുല്ലൂർ സത്യഗ്രഹ പന്തലിലേക്കാണ് റാലി നടത്തുന്നത്. തൈക്കാട് ചന്ദ്രൻ വെങ്കടേശ്വര റാലി ഫ്ലാഗ് ഓഫ് ചെയ്യും. ചൊവ്വര സുനിൽ നാടാർ, കാഞ്ഞിരംകുളം സുദർശനൻ, നീറമൺകര രാജേഷ്, വി.ടി. അനിൽ, ചൊവ്വര ഷിബു തുടങ്ങിയവർ നേതൃത്വം നൽകും. കഴിഞ്ഞ ദിവസങ്ങളിൽ എസ്.എൻ.ഡി.പി, എൻ.എസ്.എസ്, വി.എസ്.ഡി.പി, കെ.പി.എം.എസ്, തണ്ടാർ മഹാസഭ, വിശ്വകർമ്മ സഭ തുടങ്ങിയർ ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമര പന്തലിലെത്തിയിരുന്നു. ജനകീയ കൂട്ടായ്‌മ ഇന്നലെ സംഘടിപ്പിച്ച ധർണ സംഘടനയുടെ കോ ഓർഡിനേറ്റർ കരിച്ചൽ ജയകുമാർ ഉദ്ഘാടനം ചെയ്‌തു. വി.എസ്.ഡി.പി അദ്ധ്യക്ഷൻ വിഷ്‌ണുപുരം ചന്ദ്രശേഖർ സംസാരിച്ചു.

വത്സൻ തില്ലങ്കരി

സത്യഗ്രഹ പന്തലിൽ

ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ വത്സൻ തില്ലങ്കരി ഇന്ന് രാവിലെ 10.30ന് വിഴിഞ്ഞം തുറമുഖം ജനകീയ കൂട്ടായ്‌മയുടെ സത്യഗ്രഹ പന്തലിലെത്തി ജനകീയ കൂട്ടായ്‌മ‌യ്‌ക്ക് പിന്തുണ അറിയിക്കും. തൊഴിൽ നഷ്‌ടപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബി.എം.എസിന്റെ നേതൃത്വത്തിൽ വൈകിട്ട് പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിക്കും.

വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം: ബി.ജെ.പി

വിഴിഞ്ഞം: തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന സമരം എത്രയും വേഗം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് ബി.ജെ.പി മുല്ലൂർ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ധർണ ഒ.ബി.സി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ഏരിയാ പ്രസിഡന്റ് വി.എസ്. ശ്രീജുലാൽ അദ്ധ്യക്ഷനായി. മുക്കോല ജി.പ്രഭാകരൻ, രാജലക്ഷ്മി, ജനാർദ്ദനൻ നായർ, വയൽക്കര മധു,മുരുകൻ,സതീഷ് എന്നിവർ സംസാരിച്ചു.