ചിറയിൻകീഴ്: വിനോദ സഞ്ചാര കേന്ദ്രമായ മുതലപ്പൊഴി കാണാനെത്തിയ കുടുംബത്തിന്റെ കാർ അടിച്ചു തകർത്ത നിലയിൽ. കടയ്ക്കാവൂർ ആയാന്റെ വിള ക്ഷേത്രത്തിന് സമീപം ശ്രീമഹാലക്ഷ്മിയിൽ സ്മിജുലാലിന്റെ കാറാണ് തകർത്തത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്മിജുലാലും കുടുംബവും വൈകിട്ട് 5 .30 ഓടെയാണ് മുതലപ്പൊഴിയിൽ എത്തിയത്. താഴമ്പള്ളി ഭാഗത്ത് പാലം ആരംഭിക്കുന്നിടത്താണ് സിഫ്റ്റ് കാർ പാർക്ക്‌ ചെയ്തത്. തുടർന്ന് 7.30 ഓടെ മുതലപ്പൊഴിയും തീരവും കണ്ടശേഷം മടങ്ങിയെത്തിയപ്പോഴാണ് വാഹനം തകർത്ത നിലയിൽ കണ്ടത്.ഫ്രണ്ട് ഗ്ലാസും പുറകുവശത്തെ ടെയിൽ ലാമ്പും തകർത്തിട്ടുണ്ട്. ഇതിനുപുറമേ കാറിന്റെ ഇരുവശങ്ങളിലും ശക്തമായ രീതിയിൽ വരച്ച് കാറിന്റെ പെയിന്റ് ഇളകുകയും ചെയ്തിട്ടുണ്ട്. അമ്പതിനായിരത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.