നെയ്യാറ്റിൻകര: വീട് കുത്തിപ്പൊളിച്ച് അകത്ത് കയറിയ കള്ളൻ, ഒന്നും കിട്ടാത്തതിനെ തുടർന്ന് സി.സി ടിവി കാമറയുടെ ഹാർഡ് ഡിസ്കും മോഷ്ടിച്ച് കടന്നു. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ റോഡിൽ ഡോ.സുജ അഗസ്റ്റിന്റെ ക്ലിനിക്കായി പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ മോഷ്ടാവ് കയറിയത്.
ഇന്നലെ ഉച്ചയോടെ ഡോക്ടറുടെ സഹായിയായി നിൽക്കുന്ന ജീവനക്കാരി എത്തിയപ്പോഴാണ് വാതിലുകൾ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. പുറകിലെ വാതിൽ പൊളിച്ച് അകത്ത് കടന്ന കള്ളൻ ഉള്ളിലുളള ഒരുവാതിലും തകർത്താണ് അകത്ത് കയറിയത്. സംഭവ ദിവസം രാത്രി 10.30വരെ ഡോക്ടർ ഇവിടെ രോഗികളെ പരിശോധിച്ചിരുന്നു. വിലയുള്ള സാധനങ്ങളൊന്നും കിട്ടാത്തതിനാൽ പിടിക്കപ്പെടാതിരിക്കാനായിരിക്കാം കാമറയിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിക്കുന്ന ഹാർഡ് ഡിസ്ക് മോഷ്ടിച്ചതെന്നാണ് നിഗമനം. ഒരു മാസം മുൻപും ഇതിന് സമീപമുള്ള ഒരു റിട്ട. കേണലിന്റെ അടച്ചിട്ട വീട്ടിലും മോഷണശ്രമമുണ്ടായി. പൊലീസ് പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. സ്ഥിരം മോഷ്ടാക്കളായിരിക്കും ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.