കാട്ടാക്കട: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിൽ മകളുടെ കൺസെഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ,​ മകളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ. തിങ്കളാഴ്ച ഹൈക്കോടതി പ്രതികളുടെ ജാമ്യഹർജി പരിഗണിക്കും.

ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരുടെ ജാമ്യാവസ്ഥയാണ് തിങ്കളാഴ്ച പരിഗണിക്കുന്നത്. ഇവർ ഒളിവിലാണ്.

കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മെക്കാനിക്ക് പന്നിയോട് രാജീവ് നഗർ അജി ഭവനിൽ അജികുമാർ(35),സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മുൻ‌കൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയതിന് ശേഷം പ്രതികൾ ഒളിവിലായിരുന്നു. തുടർന്നാണ് രണ്ട് പേർ അറസ്റ്റിലായത്.