കോവളം: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തെന്ന കേസിലെ പരാതിക്കാരിയെ കോവളത്തും വിഴിഞ്ഞം അടിമലത്തുറയിലും എത്തിച്ച് തെളിവെടുത്തു. ഇക്കഴിഞ്ഞ ജൂലായ് 4ന്, തന്നെ അടിമലത്തുറയിലെ സ്വകാര്യ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചതായും സെപ്തംബർ 14ന് എം.എൽ.എയ്ക്കൊപ്പം കോവളത്തെ ഗസ്റ്റ് ഹൗസിലെത്തിയ തന്നെ വാക്ക് തർക്കത്തെ തുടർന്ന് കാറിൽ മടങ്ങുന്നതിനിടെ കോവളം ജംഗ്ഷന് സമീപത്തെ സൂയിസൈഡ് പോയിന്റിൽ കാറിൽ വച്ച് എം.എൽ.എ മർദ്ദിച്ചതായുമാണ് യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം കോവളം പോലീസിനും പിന്നീട് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ പി. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനും കൈമാറുകയായിരുന്നു.
തുടർന്നാണ് ഇന്നലെ വൈകിട്ട് 4.30ഓടെ പരാതിക്കാരിയായ യുവതിയെ എം.എൽ.എ പീഡിപ്പിച്ചതായി പറയുന്ന വിഴിഞ്ഞം അടിമലത്തുറയിലെ സ്വകാര്യ റിസോർട്ടിലും സന്ധ്യയ്ക്ക് 6.30ഓടെ മർദ്ദനമേറ്റെന്ന് പറഞ്ഞ കോവളം ജംഗ്ഷന് സമീപത്തെ സൂയിസൈഡ് പോയിന്റിലുമടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ പി.അനിൽ കുമാർ,എസ്.ഐ രതീഷ്,എ.എസ്.ഐമാരായ ഷൗക്കത്ത് അലി,പ്രീത,സീനിയർ സി.പി.ഒ വിനോദ്,സി.പി.ഒമാരായ വിനോദ്, സജ്ന എന്നിവരടങ്ങിയ സംഘമാണ് യുവതിയുമായി എത്തി തെളിവെടുത്തത്